* സന്ദേശ യാത്ര മെയ് 5ന് കാസർഗോഡ് നിന്ന് ആരംഭിക്കും
* ജില്ലകളിൽ മാരത്തോൺ, സൈക്ലത്തോൺ തുടങ്ങിയ കായികയിനങ്ങൾ സംഘടിപ്പിക്കും
സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ സന്ദേശയാത്രയുടെ ലോഗോ പ്രകാശനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിച്ചു. സന്ദേശ യാത്ര മെയ് 5ന് കാസർഗോഡ് നിന്ന് ആരംഭിക്കും. മേയ് 6ന് കണ്ണൂരും, 7ന് വയനാടും 8 ന് കോഴിക്കോടും 9 ന് പാലക്കാടും 10ന് മലപ്പുറത്തും 12ന് തൃശൂരും അതിനു ശേഷം തിരുവനന്തപുരത്തു നിന്നും ജാഥ തുടരും. 14 ന് തിരുവനന്തപുരത്തും 15 ന് കൊല്ലത്തും 16 ന് പത്തനംതിട്ടയും 17 ന് ആലപ്പുഴയും, 19ന് കോട്ടയവും, 21 ന് ഇടുക്കിയിലും എത്തിയശേഷം 22 ന് എറണാകുളത്ത് യാത്ര സമാപിക്കും. സമാപന ദിവസം അന്താരാഷ്ട്ര മാരത്തോൺ സംഘടിപ്പിക്കും. അതോടൊപ്പം വിവിധ കായിക ഇനങ്ങളുടെ പ്രദർശന മത്സരങ്ങളും സംഘടിപ്പിക്കും.
ലഹരി വിരുദ്ധ സന്ദേശ യാത്രയോടനുബന്ധിച്ചു ജില്ലകളിൽ മാരത്തോൺ, സൈക്ക്‌ളത്തോൺ തുടങ്ങി വിവിധ കായിക ഇനങ്ങൾ സംഘടിപ്പിക്കും. സന്ദേശ യാത്രയിൽ ഏകദേശം ആയിരത്തോളം പൊതുപ്രവർത്തകരും കായികതാരങ്ങളും പങ്കെടുക്കും.
ലഹരിവിരുദ്ധ പ്രചരണങ്ങളുടെ ഭാഗമായി കളിക്കളങ്ങളെ കൂടുതൽ സജീവമാക്കി കുട്ടികളെ സ്‌പോർട്‌സിലേക്കു ആകർഷിക്കുക എന്നതും കായിക വകുപ്പിന്റെ ലക്ഷ്യമാണെന്നു മന്ത്രി വി അബ്ദുറഹ്‌മാൻ പറഞ്ഞു. ലഹരിക്ക് അടിമയായിട്ടുള്ള യുവജനങ്ങൾ ഉൾപ്പെട്ട ക്രൂരമായിട്ടുള്ള സംഭവങ്ങൾ വാർത്തകളിൽ കേട്ടുകൊണ്ടിരിക്കുകയാണ്. ഭാവി തലമുറകളെ നശിപ്പിക്കുന്ന ഈ വൻ വിപത്തിനെതിരായി കായിക വകുപ്പ് ശക്‌തമായിട്ടുള്ള പ്രചരണ പരിപാടികൾ നടത്തും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ കേരളത്തിലെ എല്ലാ കായികതാരങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് നടത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. കേരളത്തിൽ നിന്നുമുള്ള ഇന്ത്യയുടെ അഭിമാന താരങ്ങൾ ആയ വിൽസൺ ചെറിയാൻ (മുൻ നീന്തൽ താരം), ഒളിംമ്പ്യൻ ഷൈനി വിൽസൺ, ടിജി രാജു (മുൻ വോളിബോൾ താരം), സിദ്ധാർഥ് ബാബു (റൈഫിൾ ഷൂട്ടിംഗ് താരം) തുടങ്ങിയവർ ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.