മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി, സർജറി യൂണിറ്റുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 30ന് രാവിലെ 11ന് ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഫ്ലാഗ് ഓഫ് ചെയ്യും. കർഷകർക്ക് വീട്ടുപടിക്കൽ മൃഗചികിത്സാ സേവനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി സെക്രട്ടേറിയറ്റ് പി.ആർ. ചേമ്പറിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

2023 ജനുവരിയിൽ 29 ബ്ലോക്കുകളിൽ ആരംഭിച്ച പദ്ധതിയുടെ തുടർച്ചയായിട്ടാണ് റീബിൽഡ് കേരളാ പദ്ധതിയിൽ ഉൾപ്പെടുത്തി ബാക്കിയുള്ള ബ്ലോക്കുകളിൽ കൂടി മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ സജ്ജീകരിക്കുന്നത്. 3.11 കോടി രൂപ വിലവരുന്ന 59 മൊബൈൽ യൂണിറ്റുകളാണ് 30 ന് പ്രവർത്തനം ആരംഭിക്കുന്നത്. 24 മണിക്കൂറും സജീവമായ 1962 എന്ന ടോൾ ഫ്രീ നമ്പറിലുള്ള കേന്ദ്രീകൃത കാൾ സെന്റർ സംവിധാനത്തിലൂടെയാണ് മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ സേവനം കർഷകരുടെ വീട്ടുപടിയ്ക്കൽ സാധ്യമാകുന്നത്. പ്രത്യേക പരിശീലനം നേടിയ വെറ്ററിനറി ഡോക്ടർമാരും ഡ്രൈവർ കം അറ്റെൻഡർമാരും മൊബൈൽ യൂണിറ്റുകളിൽ ഉണ്ടാവും. മൊബൈൽ വെറ്റിനറി യൂണിറ്റുകളുടെ പ്രവർത്തന സമയം വൈകിട്ട് 6 മണി മുതൽ രാവിലെ 5 മണി വരെയും മൊബൈൽ സർജറി യൂണിറ്റുകളുടേത് രാവിലെ 10 മുതൽ വൈകിട്ട് 5 വരെയുമാണ് ക്രമീകരിച്ചിട്ടുള്ളത്. രാജ്യത്തിന് മാതൃകയാവുന്ന നിലയിൽ കേരളത്തിലെ മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകളെയും പദ്ധതിയുടെ പരിധിയിൽ വരുത്തുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

നിശ്ചയിച്ചിട്ടുള്ള നിരക്കുകളുടെ അടിസ്ഥാനത്തിലാണ് മൊബൈൽ യൂണിറ്റുകളുടെ സേവനം കർഷകർക്ക് നൽകുന്നത്. കന്നുകാലികൾക്ക് 450 രൂപ,  അരുമമൃഗങ്ങൾക്ക് 950, ആടുകളുടെ പ്രസവ ചികിത്സയ്ക്ക് 1450, കന്നുകാലികളിലെ കൃത്രിമ ബീജദാനത്തിന് അധികം 50 രൂപ എന്ന നിരക്കിലാണ് സേവനം.

പുതുതായി ആരംഭിക്കുന്ന 12 മൊബൈൽ സർജറി യൂണിറ്റുകൾ വിവിധ ജില്ലകളിലെ വെറ്ററിനറി കേന്ദ്രങ്ങളിൽ സ്ഥാപിക്കും. കണ്ണൂർ, എറണാകുളം ജില്ലയിൽ നിലവിൽ പ്രവർത്തിയ്ക്കുന്ന ടെലിവെറ്ററിനറി യൂണിറ്റുകളുടെ പ്രവർത്തനം ഈ പദ്ധതിയുമായി ഏകോപിപ്പിക്കുന്നതോടെ എല്ലാ ജില്ലകളിലും മൊബൈൽ സർജറി യൂണിറ്റിന്റെ സേവനം ലഭ്യമാകും. ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 6 ആശുപത്രികളിൽ മുൻകൂട്ടി നിശ്ചയിച്ച ദിവസങ്ങളിൽ സർജറി യൂണിറ്റുകൾ എത്തിച്ചേരുകയും ആശുപത്രികളിൽ നിശ്ചയിക്കുന്ന സർജറികൾ നടത്തുകയും ചെയ്യുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ജില്ലാ മൃഗസംരക്ഷണ ഓഫീസർമാരുടെ നേതൃത്വത്തിൽ മൊബൈൽ യൂണിറ്റുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് ഓരോ ജില്ലയിലും ടീമിനെ നിയോഗിച്ചിട്ടുണ്ട്.  മൊബൈൽ സേവനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനും സംസ്ഥാന തലത്തിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് കോർഡിനേഷൻ സെൽ പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതി അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിൽ പ്രവർത്തിയ്ക്കുമെന്നും മന്ത്രി അറിയിച്ചു.