* തട്ടുകട മുതൽ ചെക്ക് പോസ്റ്റുകൾ വരെ വിപുലമായ പരിശോധനകൾ

* പിഴവ് കണ്ടാൽ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരവും പൊതുജനാരോഗ്യ നിയമ പ്രകാരവും നടപടി

സംസ്ഥാനത്ത് ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി മഴക്കാലത്തിന് മുന്നോടിയായി മേയ് 2 മുതൽ ഒരു മാസക്കാലം മഴക്കാലപൂർവ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും നിരവധി രോഗങ്ങൾ വരാൻ സാധ്യതയുണ്ട്. പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ശക്തമായ നടപടികൾക്കായി മഴക്കാലപൂർവ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തുന്നത്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളനുസരിച്ച് ഭക്ഷ്യ സ്ഥാപനങ്ങൾ സുരക്ഷിത ഭക്ഷണം നൽകേണ്ടതാണ്. ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. എഫ്എസ്എസ് ആക്ട് പ്രകാരം ഭക്ഷ്യ സുരക്ഷാ വകുപ്പും പൊതുജനാരോഗ്യ നിയമ പ്രകാരം ആരോഗ്യ വകുപ്പും നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ചൂട് കാലമായതിനാൽ ഭക്ഷണം പെട്ടെന്ന് കേടാകാൻ സാധ്യതയുള്ളതിനാൽ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം. മണത്തിലോ രുചിയിലോ വ്യത്യാസമുള്ള ഭക്ഷണം കഴിക്കരുത്. പാഴ്സലുകളിൽ കൃത്യമായി തീയതിയും സമയവും രേഖപ്പെടുത്തണം. ജിവനക്കാർക്ക് നിർബന്ധമായും ഹെൽത്ത് കാർഡ് ഉണ്ടായിരിക്കണം. ഭക്ഷ്യ സ്ഥാപനങ്ങൾ, മത്സ്യ മാംസ ശാലകൾ, മാർക്കറ്റുകൾ, ചെക്ക് പോസ്റ്റ് എന്നിവിടങ്ങളുൾപ്പെടെ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തും. വയോജന കേന്ദ്രങ്ങൾ, ശിശുസംരക്ഷണ കേന്ദ്രങ്ങൾ, ഹോമുകൾ എന്നിവിടങ്ങളിലും പരിശോധനകൾ നടത്തും. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമ പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകർക്കും മാനദണ്ഡങ്ങൾക്കനുസരിച്ച് ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷനോ ലൈസൻസോ ഉണ്ടായിരിക്കേണ്ടതാണ്. രജിസ്ട്രേഷനോ ലൈസൻസോ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.

ചൂടുകാലത്ത് വിറ്റഴിക്കുന്ന ശീതള പാനീയങ്ങളുടേയും കുപ്പിവെള്ളത്തിന്റേയും സുരക്ഷ ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തും. ഐസ്‌ക്രീം നിർമ്മാണ വിപണന കേന്ദ്രങ്ങൾ, കുപ്പിവെള്ള നിർമ്മാണ വിതരണ വിപണന കേന്ദ്രങ്ങൾ, ശീതളപാനീയ നിർമ്മാണ വിതരണ വിപണന കേന്ദ്രങ്ങൾ, ടൂറിസ്റ്റ് മേഖലകളിലെ വിൽപ്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടത്തും. ശീതള പാനീയങ്ങൾ വിപണനം നടത്തുന്ന കടയുടമകൾ പാനീയങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വെള്ളവും ഐസും ശുദ്ധമാണെന്ന് ഉറപ്പാക്കണം. ഹോട്ടലുകളിലെ കുടിവെള്ളം, ചട്നിയിലും മോരിലും ചേർക്കുന്ന വെള്ളം എന്നിവയും ശുദ്ധമുള്ളതായിരിക്കണം.

കുടിവെള്ളം, മറ്റ് ശീതള പാനീയങ്ങൾ എന്നിവ നിറച്ച പ്ലാസ്റ്റിക് കുപ്പികൾ വെയിലേൽക്കുന്ന രീതിയിൽ കടകളിൽ സൂക്ഷിക്കുകയോ അടച്ചുറപ്പില്ലാത്ത തുറന്ന വാഹനങ്ങളിൽ കൊണ്ട് പോകുകയോ ചെയ്യരുത്. ഉത്സവങ്ങൾ, മേളകൾ നടക്കുന്ന സ്ഥലങ്ങളിൽ വിപണനം നടത്തുന്ന ശീതള പാനീയങ്ങൾ, കുപ്പിവെള്ളം, ഐസ് കാൻഡി, ഐസ്‌ക്രീം എന്നിവ സുരക്ഷിതമായി തന്നെ വിൽപന നടത്തണം.

ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തിൽ അതത് ഭക്ഷ്യ സുരക്ഷാ ഓഫീസർമാർ പരിശോധനകൾക്ക് നേതൃത്വം നൽകും. സ്റ്റേറ്റ് ടാസ്‌ക് ഫോഴ്സ് ടീമും പരിശോധനകളിൽ പങ്കാളികളാകും. മൊബൈൽ പരിശോധനാ ലാബുകളുടെ സേവനവും ഉപയോഗപ്പെടുത്തും.