* തിരുവനന്തപുരത്തെ സ്‌കൂളുകളിൽ നിന്നുള്ള ആയിരത്തിയഞ്ഞൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു

‘പഠനമാണ് ലഹരി’ എന്ന മുദ്രാവാക്യമുയർത്തി തിരുവനന്തപുരത്തെ തിരഞ്ഞെടുത്ത സ്‌കൂളുകളിൽ നിന്നുള്ള ആയിരത്തിയഞ്ഞൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത ‘മെഗാ സൂംമ്പാ ഡിസ്‌പ്ലേ 2025’ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

കുട്ടികളിലെ അക്രമവാസനയും ലഹരിയുടെ ഉപയോഗവും ഇല്ലാതാക്കുന്നതിനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും സമഗ്രമായ ആരോഗ്യ-കായിക വിദ്യാഭ്യാസ പരിപാടി സ്‌കൂളുകളിൽ നടപ്പിലാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിനനുസരിച്ച് സ്‌കൂളുകളിൽ കുട്ടികൾക്കും അധ്യാപകർക്കും ഒരുമിച്ച് പങ്കെടുക്കുവാൻ കഴിയുന്ന സൂംബാ, ഏറോബിക്സ്, യോഗ തുടങ്ങിയവ നടപ്പിലാക്കുവാനുള്ള നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് വരുന്ന അധ്യയന വർഷം വിപുലമായ രീതിയിൽ കലാ-കായിക പ്രവർത്തനങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണ്. ഇതിന്റെ ആദ്യപരിപാടിയായിയാണ് ആയിരത്തിയഞ്ഞൂറോളം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ‘മെഗാ സുംബാ ഡിസ്‌പ്ലേ’ സംഘടിപ്പിച്ചത്.

ഇതൊരു ആദ്യ ചുവടുവയ്പ്പ് മാത്രമാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കുഞ്ഞുങ്ങളിലേക്ക്  ലഹരി എന്ന വിപത്ത് എത്തിച്ചേരുന്നത് പലമാർഗങ്ങളിലൂടെയാണ്. ആ മാർഗങ്ങളെല്ലാം തടയുക എന്നത് വളരെ ശ്രദ്ധയോടെയും ഉത്തരവാദിത്വത്തോടെയും നിർവഹിക്കേണ്ട  കാര്യമാണ്. കുട്ടികളെ  കായികമായും മാനസികമായും ഉന്മേഷമുള്ളവരായി  നിലനിർത്തുക എന്നത്  ഒഴിച്ചുകൂടാനാകാത്ത ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 രാവിലെ സ്‌കൂളിൽ എത്തി വൈകിട്ട് തിരിച്ചു പോകുന്ന സമയമാകുമ്പോൾ വാടിത്തളരുന്ന അവസ്ഥ കുട്ടികൾക്ക് ഉണ്ടാകും. ആ ഘട്ടത്തിൽ അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടുന്ന ഉന്മേഷദായകമായ കായിക പരിപാടികൾ കൂട്ടായി  നടത്തിയാൽ കുട്ടികൾക്ക് ഉണർവ് പകരാൻ  സാധിക്കും. അവരുടെ ക്ഷീണവും മടുപ്പും മാറും.  അത്തരത്തിൽ ഉഷാറായ  നിലയിൽ കുട്ടികൾ വീടുകളിലേക്ക്  മടങ്ങണം. അങ്ങനെ വന്നാൽ അരുതാത്ത ശീലങ്ങൾ പടർത്താൻ ശ്രമിക്കുന്നവർക്ക് കുട്ടികളെ  സ്വാധീനിക്കാൻ സാധിക്കില്ല. ഇത് മനസ്സിൽ വച്ചുകൊണ്ടാണ് സൂംമ്പാ ഡാൻസ് ഉൾപ്പെടെയുള്ള  പരിപാടികൾ സ്‌കൂളുകളിൽ   ആവിഷ്‌ക്കരിക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിച്ചത്. ഇത് അങ്ങേയറ്റം മാതൃകാപരമായ ഒരു പരിപാടിയായിരിക്കും

എല്ലാ സ്‌കൂളുകളിലും  ഇതുപോലെയുള്ള പരിപാടികളും, അതോടോപ്പം കലാ-സാഹിത്യ പരിപാടികളും സംഘടിപ്പിക്കാനാകണം. കുട്ടികൾക്ക് സ്‌കൂൾ സമയം കഴിഞ്ഞാൽ കളിക്കാൻ  ഉള്ള സൗകര്യങ്ങൾ നാട്ടിലും വീടിനടുത്തുമൊക്കെ ഉണ്ടാകണം എന്നാണ്  സർക്കാർ കാണുന്നത്. അതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സമൂഹവും വലിയതോതിൽ ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. ഈ കാര്യത്തിൽ രക്ഷിതാക്കൾക്കും ആവശ്യം വേണ്ട ബോധവൽക്കരണം ലഭിക്കണം. ആ നടപടികളിലേക്കും വിദ്യാഭ്യാസ വകുപ്പ് കടക്കുന്നുണ്ട്. അധ്യാപകർക്കും ഇതിനാവശ്യമായ പരിശീലനങ്ങൾ നൽകാനുള്ള നടപടികളാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചു വരുന്നത്. അങ്ങനെ ‘നോ ടു  ഡ്രഗ്‌സ്’ എന്നത്  അക്ഷരാർഥത്തിൽ പ്രാവർത്തികമാക്കാനും നമുക്ക് ‘ജീവിതമാണ് ലഹരി’ എന്നതിൽ  ശക്തമായി ഊന്നിനിൽക്കാനും ഉതകുന്ന അവസ്ഥയുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

                  

ദേശീയ സ്‌കൂൾ ചാമ്പ്യഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ കായിക പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ മത്സരങ്ങളും സംഘാടനവും സംബന്ധിച്ച കൈപുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു.

 പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ജി.ആർ. അനിൽ, സജി ചെറിയാൻ,  മുഹമ്മദ് റിയാസ്, ആന്റണി രാജു എം.എൽ.എ, മെയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.