കഴിഞ്ഞ നാലുവർഷക്കാലം സാമ്പത്തിക വെല്ലുവിളികളെ സൂക്ഷ്മമായ സാമ്പത്തിക ആസൂത്രണത്തിലൂടെയും കാര്യക്ഷമമായ നടത്തിപ്പിലൂടെയും നേരിട്ട് വികസന പ്രവർത്തനങ്ങൾക്കും ക്ഷേമകാര്യങ്ങൾക്കും ആവശ്യമായ പണം കണ്ടെത്താൻ സർക്കാരിന് സാധിച്ചു. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതിയുടെ വിജയകരമായ നടത്തിപ്പ്.
കേരളം രാജ്യത്തെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമാണ്. മുൻ സർക്കാർ (2016-2021) 35,154 കോടി രൂപ സാമൂഹ്യ സുരക്ഷാ പെൻഷനായി വിതരണം ചെയ്തപ്പോൾ, ഈ സർക്കാർ ഇതുവരെ 36,212 കോടി രൂപ ഈ വിഭാഗത്തിൽ ജനങ്ങളിലേക്ക് എത്തിച്ചു. നിലവിൽ 62 ലക്ഷത്തിൽപരം ഗുണഭോക്താക്കൾക്ക് പ്രതിമാസം 1600 രൂപ വീതം സാമൂഹ്യസുരക്ഷാ പെൻഷൻ നൽകുന്നു എന്നത് ചെറിയ കാര്യമല്ല.
ഒരു കാലത്ത് 600 രൂപയായിരുന്ന സാമൂഹ്യസുരക്ഷാ പെൻഷൻ 1600 രൂപയായി ഉയർത്തിയത് ഈ സർക്കാരിന്റെ ശക്തമായ ഇച്ഛാശക്തിയുടെ ഫലമാണ്. ഒന്നാം പിണറായി സർക്കാർ അധികാരമേറ്റപ്പോൾ 18 മാസത്തെ പെൻഷൻ കുടിശ്ശികയുണ്ടായിരുന്നത് പൂർണ്ണമായും കൊടുത്തുതീർത്താണ് മുന്നോട്ട് പോയത്. പിന്നീട് ഘട്ടംഘട്ടമായി പെൻഷൻ തുക വർദ്ധിപ്പിച്ചു.
സാമൂഹ്യസുരക്ഷാ പെൻഷനുകളുടെ ഭൂരിഭാഗം വിഹിതവും (98%) വഹിക്കുന്നത് സംസ്ഥാന സർക്കാർ തന്നെയാണ്. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെൻഷനുകളിൽ വാർധക്യകാല പെൻഷൻ, ദേശീയ വിധവാ പെൻഷൻ, ദേശീയ വികലാംഗ പെൻഷൻ എന്നിവയ്ക്ക് മാത്രമാണ് കേന്ദ്ര വിഹിതമുള്ളത്. അതും കേവലം 6.8 ലക്ഷം പേർക്ക് ശരാശരി 300 രൂപ വീതം മാത്രം. എന്നാൽ, ഈ തുച്ഛമായ വിഹിതം പോലും ക്യത്യമായി സംസ്ഥാനത്തിന് ലഭിക്കാറില്ല. അതും സംസ്ഥാന സർക്കാർതന്നെയാണ് മുൻകൂറായി വിതരണം ചെയ്യുന്നത്.
കഴിഞ്ഞവർഷം മാർച്ചു മുതൽ അതത് മാസംതന്നെ ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നു. അഞ്ചു ഗഡു കുടിശ്ശിക വന്നതിൽ രണ്ട് ഗഡുക്കൾ വിതരണം ചെയ്തു. കുടിശ്ശികയിൽ ഒരു ഗഡുകൂടി ഈ മാസം നൽകുകയാണ്. ബാക്കി രണ്ടു ഗഡുവും ഈവർഷംതന്നെ വിതരണം ചെയ്യും.
സാമ്പത്തിക വെല്ലുവിളികൾക്കിടയിലും സാമൂഹ്യക്ഷേമ പെൻഷൻ പദ്ധതിയെ ഇത്രയും വിപുലമായി നടപ്പാക്കാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെയും കാര്യക്ഷമമായ സാമ്പത്തിക മാനേജ്മെന്റിന്റെയും ഫലമാണ്. സർക്കാരിന്റെ സാമൂഹിക പ്രതിബദ്ധതയുടെയും ജനങ്ങളോടുള്ള കരുതലിന്റെയും തെളിവാണീ കൈത്താങ്ങ്.
കരുത്തോടെ കേരളം- 25