കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അമൂല്യമായ കാവൽക്കാരാണ് സംസ്ഥാന മ്യൂസിയം, പുരാവസ്തു-പുരാരേഖാ വകുപ്പുകൾ. 17 മ്യൂസിയങ്ങളും 192 സംരക്ഷിത സ്മാരകങ്ങളുമായി തലയെടുപ്പോടെ നിൽക്കുന്ന ഈ വകുപ്പുകൾ, ഒൻപത് വർഷക്കാലം കേരളത്തിന്റെ മ്യൂസിയം സങ്കൽപ്പങ്ങൾക്ക് പുതിയ ദിശാബോധം നൽകി.

ആധുനിക മ്യൂസിയം കാഴ്ചപ്പാടുകൾക്കനുസരിച്ച്, ഓരോ മ്യൂസിയവും ഓരോ കഥ പറയുന്ന അനുഭവമാക്കി മാറ്റുന്ന ‘തീമാറ്റിക് മ്യൂസിയം’ എന്ന ആശയം സംസ്ഥാനത്ത് വിജയകരമായി നടപ്പാക്കി. ദേശീയ തലത്തിൽ ശ്രദ്ധേയമായ തിരുവനന്തപുരത്തെ നാച്വറൽ ഹിസ്റ്ററി മ്യൂസിയവും കണ്ണൂരിലെ പയ്യാമ്പലത്ത് കൈത്തറിയുടെ കഥ പറയുന്ന കൈത്തറി മ്യൂസിയവും വയനാട് ജില്ലയിലെ കുങ്കിച്ചിറയിൽ ഗോത്രവർഗ സംസ്‌കാരം ആലേഖനം ചെയ്യുന്ന കുങ്കിച്ചിറ പൈതൃക മ്യൂസിയവും നാടിന് സമർപ്പിച്ചു. 2016 മുതൽ 2025 വരെ വൈവിധ്യമാർന്ന വിഷയങ്ങളിൽ 25 പുതിയ മ്യൂസിയങ്ങൾക്ക് രൂപം നൽകാനും ഇരുപതോളം മ്യൂസിയം പദ്ധതികൾ പുരോഗമിപ്പിക്കാനും സാധിച്ചത് ഈ രംഗത്തെ വലിയ മുന്നേറ്റമാണ്.

സാങ്കേതികവിദ്യയുടെ സഹായത്തോടെ മ്യൂസിയങ്ങളെയും സ്മാരകങ്ങളെയും കൂടുതൽ ജനകീയമാക്കാനുള്ള പദ്ധതികളും വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുകയാണ്. സംസ്ഥാനത്ത് മ്യൂസിയം പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന നോഡൽ ഏജൻസിയായ കേരളം മ്യൂസിയം (IMCK) ഇത്തരത്തിൽ രാജ്യത്ത് തന്നെ ഒരെയൊരു മാതൃകയാണ്. നിസ്സംശയം പറയാം, കേരളം ഇന്ന് രാജ്യത്തെ മ്യൂസിയങ്ങളുടെ ഹബ്ബായി മാറുകയാണ്.

ഈ കാലയളവിലെ പ്രധാനപ്പെട്ട നേട്ടങ്ങളിൽ ഒന്നാണ് രാജാ രവിവർമ്മ ആർട്ട് ഗ്യാലറിയും അനുബന്ധ ആമുഖ ഗ്യാലറിയും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. എ.കെ.ജിയുടെ സ്മരണാർത്ഥം പെരളശ്ശേരിയിൽ നിർമ്മിച്ച എ.കെ.ജി. സ്മൃതി മ്യൂസിയം ഉദ്ഘാടനത്തിന് സജ്ജമായി. കല്യാശ്ശേരി ചന്തപ്പുരയിൽ തെയ്യം മ്യൂസിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു, കോഴിക്കോട് ആർട്ട് ഗ്യാലറി കൃഷ്ണമേനോൻ മ്യൂസിയത്തിന്റെ കെട്ടിടം പുരാവസ്തു വകുപ്പ് മുഖേന പുനരുദ്ധാരണ പ്രവൃത്തികൾ നിർവഹിച്ച് പൂർത്തീകരിച്ചു. തിരുവനന്തപുരം നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ സന്ദർശകരുടെ വിജ്ഞാനത്തിനും ആസ്വാദനത്തിനുമായി ആധുനിക സാങ്കേതിക മികവിൽ ഗൈഡഡ് ടൂർ നടപ്പിലാക്കാനുള്ള പ്രവൃത്തികൾക്ക് തുടക്കമായി.

മ്യൂസിയങ്ങളെ അവലോകനം ചെയ്യാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനും മ്യൂസിയം കമ്മീഷൻ പ്രവർത്തനമാരംഭിച്ചു. മ്യൂസിയം നയം ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് കമ്മീഷന്റെ പ്രധാന ലക്ഷ്യം. പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ ഏഴ് പുതിയ മ്യൂസിയങ്ങൾ സ്ഥാപിച്ചു. ഗാന്ധി സ്മൃതി മ്യൂസിയം, ഇടുക്കി പൈതൃക മ്യൂസിയം, സംഗീതപാരമ്പര്യത്തെ മുൻനിർത്തി സജ്ജീകരിച്ച പാലക്കാട് പൈതൃക മ്യൂസിയം,എറണാകുളം പൈതൃക മ്യൂസിയം തുടങ്ങിയവ ഗവേഷണ വിദ്യാർത്ഥികളെ ആകർഷിക്കുന്നതാണ്.

കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം സമഗ്ര പുനസജ്ജീകരണം, പത്മനാഭപുരം കൊട്ടാരം മ്യൂസിയം സമഗ്ര പുനസജ്ജീകരണം എന്നിവ അവയിൽ പ്രധാനപ്പെട്ടവയാണ്. മലപ്പുറം വന്നേരിയിൽ പെരുമ്പടപ്പ് സ്വരൂപത്തിന്റേതായി അവശേഷിക്കുന്ന വലിയ കിണറിന്റെ ശാസ്ത്രീയ സംരക്ഷണ പ്രവർത്തി ഈ സർക്കാർ പൂർത്തിയാക്കി. സംരക്ഷിത സ്മാരകങ്ങളായ തിരൂരങ്ങാടിയിലെ പഴയ ഹജൂർകച്ചേരി മന്ദിരം, ചരിത്രപ്രസിദ്ധമായ ആറ്റിങ്ങൽ കൊട്ടാരം, നിയമസഭാ സുവർണ ജൂബിലി മ്യൂസിയം, കടവുംഭാഗം സിനഗോഗ്, അറയ്ക്കൽകെട്ട്, പത്മനാഭപുരം കൊട്ടാരത്തിലെ മ്യൂസിയം കെട്ടിടം, ഹിൽപാലസ് സമുച്ചയത്തിലെ പത്തുമുറി, വിളമ്പുപുര, ചെറിയ ഊട്ടുപുര, തൃശൂർ എരട്ടച്ചിറ കോവിലകം, വടകര കുഞ്ഞാലി മരയ്ക്കാർ സ്മാരകം, ആലുവ യു.സി കോളജിലെ കച്ചേരി മാളിക, തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസ്, തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം, പുനലൂർ തൂക്കുപാലം, നെടുമ്പ്രയൂർതളി ക്ഷേത്രം, കോട്ടയം ജില്ലയിലെ പുണ്ഡരീകപുരം ക്ഷേത്രം, തൃക്കൊടിത്താനം ക്ഷേത്രം, കൊല്ലം ജില്ലയിലെ ഇളയിടത്ത് വലിയ കോയിക്കൽ കൊട്ടാരം, എറണാകുളം ജില്ലയിലെ വരാപ്പുഴ സെന്റ് ജോർജ് ചർച്ച്, ഹിൽപ്പാലസ് സമുച്ചയത്തിലെ നാലുകെട്ട് എന്നിവയുടെ സംരക്ഷണ പ്രവൃത്തികൾ പൂർത്തിയാക്കി.

ശ്രീകണ്ഠാപുരം, ചെമ്പന്തൊട്ടിയിലെ ബിഷപ്പ് വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയം സജ്ജീകരണം, പത്മനാഭപുരം കൊട്ടാര സമുച്ചയത്തിലെ ഹോമപ്പുര,ഹിൽപ്പാലസ് കൊട്ടാര സമുച്ചയത്തിലെ നേത്യാരമ്മ ബംഗ്ലാവ്, തിരുന്നാവായയിലെ മാമാങ്ക സ്മാരകങ്ങൾ, കോഴിക്കോട് കോർപ്പറേഷന്റെ പൈതൃക മന്ദിരം, തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു ചുറ്റുമുള്ള കോട്ടമതിലുകൾ എന്നിവയുടെ സംരക്ഷണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. വയനാട് ജില്ലയിലെ കുഞ്ഞോം പ്രദേശത്തെ സമഗ്ര പുരാവസ്തു സർവേയും പുരോഗമിക്കുന്നു. ചരിത്ര ശേഷിപ്പുകളെ സംരക്ഷിക്കുകയും വരുംതലമുറയ്ക്ക് വിജ്ഞാനത്തിന്റെയും പ്രചോദനത്തിന്റെയും ഉറവിടമായി നിലനിർത്തുകയും ചെയ്യുക എന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യമാണ്.

 

കരുത്തോടെ കേരളം- 28