സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി, സംസ്ഥാനത്തെ മുഴുവൻ സബ് രജിസ്ട്രാർ ഓഫീസുകളെയും സമ്പൂർണ്ണമായി ‘ക്യാഷ്‌ലെസ്’ സംവിധാനത്തിലേക്ക് മാറ്റി രജിസ്ട്രേഷൻ വകുപ്പ്. സബ് രജിസ്ട്രാർ ഓഫീസുകളിൽ ലഭിക്കുന്ന സേവനങ്ങൾക്കും സർക്കാരിലേക്ക് അടയ്‌ക്കേണ്ട തുകകൾക്കും നേരിട്ട് പണമായി സ്വീകരിച്ച് അടുത്ത പ്രവൃത്തിദിവസം ട്രഷറികളിൽ അടയ്ക്കുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. ഫീസിനത്തിലുള്ള വലിയ തുകകൾ അക്കൗണ്ടുകളിൽ നിന്നും പിൻവലിച്ച് സബ് രജിസ്ട്രാർ ഓഫീസുകളിൽ നേരിട്ട് അടയ്ക്കേണ്ട സാഹചര്യത്തോടൊപ്പം ഇപ്രകാരം വലിയ തുകകൾ ഓഫീസുകളിൽ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടായി മാറുകയും പലതരം സുരക്ഷാപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് 2016-17 കാലഘട്ടത്തിൽ സർക്കാർ ഇ-പേയ്മെന്റ് സംവിധാനത്തിന് തുടക്കമിടുന്നത്.
ആധാര രജിസ്‌ട്രേഷൻ ഫീസുകൾ പൂർണ്ണമായും ഇ-പേയ്‌മെന്റായി അടയ്ക്കാനുള്ള സംവിധാനം വകുപ്പിന്റെ PERL (https://pearl.registration.kerala.gov.in/index.php) സോഫ്‌റ്റ് വെയറിൽ നടപ്പാക്കി. തുടർന്ന് ബാധ്യത സർട്ടിഫിക്കറ്റുകൾ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിങ്ങനെ വകുപ്പിൽനിന്നും പൊതുജനങ്ങൾക്ക് നിരന്തരം നൽകുന്ന സേവനങ്ങളും പൂർണമായും ഓൺലൈനിൽ ഫീസടച്ച് അപേക്ഷ സമർപ്പിക്കാനുള്ള സംവിധാനം നടപ്പാക്കി. 2019ൽ സബ് രജിസ്ട്രാർ ഓഫീസുകളിൽ ഇപോസ് മെഷീനുകൾ സ്ഥാപിക്കുകയും വാസസ്ഥല ഫീസ്, ഫയലിംഗ് ഷീറ്റിന്റെ വിൽപ്പന ഫീസ്, ഓഫീസിൽ അടയ്ക്കേണ്ട ഫീസുകൾ എന്നിവ കാർഡ് ഉപയോഗിച്ച് ഈടാക്കി തുടങ്ങി. 2020-ൽ കോവിഡ് കാലത്ത് UPI പേയ്‌മെന്റ് (Google Pay മുതലായവ) കൂടി നടപ്പാക്കി.
ചിട്ടി നിയമവുമായി ബന്ധപ്പെട്ട് ഓഫീസുകളിൽ അടയ്‌ക്കേണ്ട തുകകൾ, ഫയലിംഗ് ഷീറ്റിന്റെ വിൽപ്പനയിലുള്ള ജി.എസ് ടി തുക, ആധാരമെഴുത്തുകാരുടെ ക്ഷേമനിധി തുകകൾ, ക്ഷേമനിധി സ്റ്റാമ്പ് വിൽപ്പന തുക, മറ്റ് ഇനത്തിലുള്ള തുകകൾ എന്നിവ കൂടി ഇപ്പോൾ ഇ-പേയ്‌മെന്റ് സംവിധാനത്തിലേക്ക് മാറ്റി. ഇതോടെയാണ് സംസ്ഥാനത്തെ മുഴുവൻ സബ് രജിസ്ട്രാർ ഓഫീസുകളും സമ്പൂർണ്ണമായി ക്യാഷ്‌ലെസ് ആയി മാറിയത്. ഈ തുകകൾക്ക് വേണ്ടി സ്പെഷ്യൽ ടി. എസ്. ബി അക്കൗണ്ടുകൾ ഒരുക്കുകയും ചെയ്തു.
പൂർണ്ണമായും ഇ-പേയ്‌മെന്റിലേക്ക് മാറിയതോടെ രജിസ്‌ട്രേഷൻ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ സുഗമവും സുതാര്യവുമാകും. പണമിടപാടുകളിലെ തെറ്റിദ്ധാരണകൾ ഒഴിവാക്കാനും, സുരക്ഷ വർദ്ധിപ്പിക്കാനും, ഓഫീസുകളിലെ ഫയൽ നീക്കം വേഗത്തിലാക്കാനും ഈ സംവിധാനം സഹായിക്കും. ഡിജിറ്റൽ കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പ് കൂടിയാണ് ഇത്.
കരുത്തോടെ കേരളം- 33