സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ വ്യാജ ഡീസൽ നിർമ്മാണ കേന്ദ്രങ്ങളിലും, വിൽപ്പന കേന്ദ്രങ്ങളിലും ‘ഓപ്പറേഷൻ ഫുവേഗോ മറീനോ’ എന്ന പേരിൽ സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ വ്യാപക പരിശോധന. കേരളത്തിലെ വിവിധ ജില്ലകളിലായി അമ്പതിൽ പുറത്ത് കേന്ദ്രങ്ങളിൽ നാനൂറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് & എൻഫോഴ്സ്മെന്റ് വിഭാഗം സെർച്ച് നടത്തുന്നത്.
കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതും, ഉപയോഗിക്കുന്ന വാഹനങ്ങളുടെയും യന്ത്രങ്ങളുടെയും എഞ്ചിനുകൾക്ക് കേടുപാടുകൾ വരുത്തുന്നതുമായ വ്യാജ ഡീസൽ മുമ്പ് മറ്റ് സംസ്ഥാനങ്ങളിൽ വ്യാപകമായിരുന്നു. ഇവർ മാർക്കറ്റ് കേരളത്തിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിക്കുകയാണ്. ആദ്യ പടിയായി മത്സ്യ ബന്ധന ബോട്ടുകൾക്കാണ് ഇവർ വ്യാജ ഡീസൽ വിതരണം ചെയ്യുന്നത്. ചില തീരദേശ ഡീസൽ പമ്പുകൾ വഴിയും അനധികൃത യാർഡുകൾ വഴിയുമാണ് ഇവർ വ്യാജ ഡീസൽ വിറ്റു കൊണ്ടിരിക്കുന്നത്. തുച്ഛമായ വിലയുള്ള വ്യാജ ഡീസൽ, ഡീസൽ എന്ന പേരിൽ മാർക്കറ്റ് വിലയിൽ നിന്നും ഒന്നോ രണ്ടോ രൂപ കുറച്ചു മാത്രം വിറ്റ് വൻ കൊള്ള ലാഭമാണ് ഈ സംഘം നേടി കൊണ്ടിരിക്കുന്നത്. പൂർണ്ണമായും നികുതി വെട്ടിച്ച് നടത്തുന്ന ഈ ശൃംഖലയിൽപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലുമാണ് പരിശോധന നടക്കുന്നത്. ഇത് വിറ്റ പമ്പുകൾക്കും ഉപയോഗിച്ച ബോട്ടുടമകൾക്കും എതിരെ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഇത്തരം പ്രവർത്തനങ്ങൾ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും, ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്നും, വ്യാപാരികളും, ഇത് വാങ്ങുന്നവരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതുമാണെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ അറിയിച്ചു.