* വിവിധ വിഭാഗങ്ങളിലായി ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പുരസ്‌കാരങ്ങൾ

സംസ്ഥാനത്തെ മികച്ച പച്ചത്തുരുത്തുകൾക്ക് ഹരിതകേരളം മിഷൻ അംഗീകാരം നൽകുന്നു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തു നട്ടുപിടിപ്പിച്ച പച്ചത്തുരുത്തുകളിൽ ഏറ്റവും മികച്ച അഞ്ചെണ്ണത്തിനാണ് സംസ്ഥാന തലത്തിൽ പുരസ്‌കാരം നൽകുന്നത്. ജില്ലാതലത്തിൽ ഓരോ ജില്ലയിലെയും മികച്ച മൂന്ന് പച്ചത്തുരുത്തുകൾക്കു വീതവും അംഗീകാരം നൽകും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, കോളെജുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് ഹരിത കേരളം മിഷൻ പച്ചത്തുരുത്ത് പുരസ്‌കാരങ്ങൾ നൽകുന്നത്. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി, സസ്യശാസ്ത്ര മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി രൂപീകരിച്ച വിദഗ്ധ സംഘം നേരിട്ട് സന്ദർശനം നടത്തി വിലയിരുത്തിയാണ് പച്ചത്തുരുത്തുകളിൽ മികച്ചവയെ കണ്ടെത്തുന്നത്.

അഞ്ചുസെന്റ് മുതൽ വിസ്തൃതിയുള്ളതും രണ്ട് വർഷത്തിനു മുകളിൽ പ്രായമുള്ളതും മതിയായ വളർച്ചയുള്ളതുമായ പച്ചത്തുരുത്തുകളെയാണ് അംഗീകാരത്തിനായി പരിഗണിക്കുന്നത്. പ്രാദേശിക ജൈവ വൈവിധ്യം, വൃക്ഷ സസ്യ വൈവിധ്യം, വിസ്തീർണ്ണത്തിന് ആനുപാതികമായി തൈകൾ, ജൈവവേലി, നിശ്ചിത മാതൃകയിലുള്ള നാമകരണ ബോർഡ്, പച്ചത്തുരുത്ത് സംഘാടക സംരക്ഷണ സമിതിയുടെ പങ്കാളിത്തം, ചെടികളുടെ ലേബലിങ് തുടങ്ങിയ ഘടകങ്ങളും അംഗീകാരത്തിന് മാനദണ്ഡമാണ്. ജില്ലാതല പുരസ്‌കാരങ്ങൾ സെപ്തംബർ ആദ്യവാരം വിതരണം ചെയ്യും. സംസ്ഥാനതല പുരസ്‌കാരം ഓസോൺ ദിനമായ സെപ്തംബർ 16 ന് തിരുവനന്തപുരത്ത് സമ്മാനിക്കും.

2019ൽ ഹരിതകേരളം മിഷൻ സംസ്ഥാനത്ത് ആരംഭിച്ച പച്ചത്തരുത്ത് പദ്ധതിയിൽ നാളിതുവരെ 1252.6 ഏക്കറിലായി 3987 പച്ചത്തുരുത്തുകളാണ് സൃഷ്ടിച്ചിട്ടുള്ളത്. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ, തരിശിടങ്ങൾ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ. പൊതുസ്ഥാപനങ്ങളിലെ അനുയോജ്യമായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തൊഴിലുറപ്പു പദ്ധതിയെക്കൂടി പ്രയോജനപ്പെടുത്തി കൂട്ടമായി തൈകൾ നട്ട് ചെറുവനം സൃഷ്ടിച്ചെടുക്കുന്നതാണ് പച്ചത്തുരുത്ത് പദ്ധതി. ആഗോള താപനത്തിന്റെ ദോഷഫലങ്ങളെ ചെറുക്കുന്നതിലും കാർബൺ സംഭരണശേഷിയിലും പച്ചത്തുരുത്തുകൾ നിർണ്ണായക പങ്കുവഹിക്കുകയാണെന്ന് ഇതുസംബന്ധിച്ച വിദഗ്ധർ നടത്തിയ പഠനം തെളിയിക്കുന്നതായി ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ സൃഷ്ടിച്ച പച്ചത്തുരുത്തുകളെ സംബന്ധിച്ചുള്ള അവലോകനവും നശിച്ചുപോയ തൈകളുടെ സ്ഥാനത്തു പുതിയവ വച്ചുപിടിപ്പിക്കുന്ന പ്രക്രിയയും ഇതോടൊപ്പം നടന്നുവരികയാണ്.