കേരളത്തിലെ റവന്യൂ വകുപ്പ് പൂർണ്ണമായും ഡിജിറ്റലിലേക്ക് മാറിയതോടെ, ജനങ്ങൾക്ക് എളുപ്പത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കുക എന്ന സർക്കാർ ലക്ഷ്യമാണ് യാഥാർത്ഥ്യമാകുന്നത്. വകുപ്പ് നടപ്പാക്കിയ പ്രധാന ഡിജിറ്റൽ മാറ്റങ്ങൾ നോക്കാം.
➣ അനധികൃത പ്രകൃതിചൂഷണം തടയാൻ ‘അലർട്ട്’ പോർട്ടൽ
http://alert.revenue.kerala.gov.in എന്ന വെബ് പോർട്ടൽ വഴി കേരള ലാൻഡ് കൺസർവൻസി ആക്ട്, കേരള നദീതീര സംരക്ഷണ നിയമം എന്നിവയുടെ ലംഘനം, അനധികൃത മണൽ/ധാതു ഖനനം, സർക്കാർ ഭൂമിയിലെ മരംമുറിക്കൽ എന്നിവ തൽസമയം ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനും നടപടികൾ പൊതുജനങ്ങളെ അറിയിക്കാനും സാധിക്കുന്നു.
➣ വില്ലേജ് ഓഫീസുകളിൽ പോകാതെ സ്വന്തം സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഭൂനികുതി
ഒടുക്കുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ സജ്ജമാക്കി.
➣ ഡിജിറ്റൽ റീസർവ്വെ പൂർത്തിയാക്കിയ വില്ലേജുകളിൽ നിന്നുള്ള ലൊക്കേഷൻ സ്‌കെച്ച്, തണ്ടപ്പേർ അക്കൗണ്ട് എന്നിവ ഓൺലൈനായി അപേക്ഷിക്കാനും ഡിജിറ്റൽ ഒപ്പോടുകൂടി ഡൗൺലോഡ് ചെയ്യാനും സാധിക്കുന്നു.
➣ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ഭൂമിയുടെ തരം മാറ്റുന്നതിനുള്ള അപേക്ഷകൾ ഓൺലൈനായി നൽകാനുള്ള മൊഡ്യൂൾ വികസിപ്പിച്ചു. ഇത് കാലതാമസം ഒഴിവാക്കാൻ സഹായിക്കുന്നു.
➣ സംസ്ഥാനത്തെ 1666 വില്ലേജുകളിലെയും ബി.ടി.ആർ (ബേസിക് ടാക്‌സ് രജിസ്റ്റർ), തണ്ടപ്പേർ രജിസ്റ്റർ എന്നിവയുടെ ഡിജിറ്റൈസേഷൻ പൂർത്തീകരിച്ചു.
➣ ഭൂനികുതി, കെട്ടിട നികുതി, റവന്യൂ റിക്കവറി തുടങ്ങിയ തുകകൾ ഇ-പോസ് മെഷീൻ വഴിയോ യു.പി.ഐ പേയ്‌മെന്റ് മുഖേനയോ ഒടുക്കുന്നതിന് സഹായകരമായ നവീകരിച്ച ഇ-പേയ്‌മെന്റ് പോർട്ടൽ നടപ്പാക്കി.
➣ റവന്യൂ വകുപ്പ് മുഖേന വിതരണം ചെയ്യുന്ന ക്യാൻസർ പെൻഷൻ, ക്ഷയരോഗികൾക്കുള്ള പെൻഷൻ, കുഷ്ഠരോഗികൾക്കുള്ള പെൻഷൻ എന്നിവയ്ക്ക് അപേക്ഷ സ്വീകരിക്കാനും വിതരണം ചെയ്യാനും ഓൺലൈൻ മൊഡ്യൂൾ ഒരുക്കി.
➣ പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റിന് (ലീഗൽ ഹയർഷിപ്പ് സർട്ടിഫിക്കറ്റ്) ഓൺലൈനായി അപേക്ഷിക്കാനും സർട്ടിഫിക്കറ്റ് ലഭ്യമാക്കാനും സംവിധാനം ഒരുക്കി. ഇ-ഗസറ്റ് വഴിയാണ് വിജ്ഞാപനം നിർവഹിക്കുന്നത്.
➣ മന്ത്രിക്ക് നേരിട്ടും ‘മിത്രം’ പോർട്ടൽ വഴിയും ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യാനും സമയബന്ധിതമായി മറുപടി നൽകാനുമായി എല്ലാ കളക്ടറേറ്റുകളിലും ആർ.എം (റവന്യൂ മിനിസ്റ്റേഴ്‌സ് സെൽ) സെൽ രൂപീകരിച്ചു.
➣ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് എക്സ്ഗ്രേഷ്യ പേയ്‌മെന്റ് അനുവദിക്കാനും അപേക്ഷിക്കാനും കോവിഡ് എക്‌സ്‌ഗ്രേഷ്യ പേയ്‌മെന്റ് പോർട്ടൽ ഓൺലൈൻ സംവിധാനം നടപ്പാക്കി.
➣ സംസ്ഥാനത്തെ എല്ലാ റവന്യൂ ഓഫീസുകളും ഇതിനകം പൂർണ്ണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറി. ഇത് ഫയൽനീക്കം വേഗത്തിലാക്കി സുതാര്യത ഉറപ്പാക്കുന്നു.
➣ റവന്യൂ, സർവ്വെ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങൾക്കായി ഓൺലൈൻ (എച്ച്.ആർ.എം.എസ്) സംവിധാനം നടപ്പാക്കി. പരാതികൾക്ക് ഇടനൽകാതെ കുറ്റമറ്റരീതിയിൽ സ്ഥലംമാറ്റം നടത്താൻ സഹായിക്കുന്നു.
➣ എല്ലാ സേവനങ്ങളും വിരൽത്തുമ്പിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകൾക്കും വെബ്സൈറ്റുകൾ രൂപീകരിച്ചു.
➣ യുകെ, യുഎസ്എ, കാനഡ, സിംഗപ്പൂർ, സൗദി അറേബ്യ, യുഎഇ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നീ 10 രാജ്യങ്ങളിൽ നിന്നും വിവിധ റവന്യൂ സേവനങ്ങൾ ലഭ്യമാക്കാൻ കഴിയുന്ന തരത്തിൽ പോർട്ടലുകൾ സജ്ജമാക്കി.
ഡിജിറ്റൽവത്കരണത്തിലൂടെ ജനങ്ങൾക്ക് കൂടുതൽ വേഗത്തിലും സുതാര്യമായും കൃത്യമായും സേവനങ്ങൾ ഉറപ്പാക്കുകയാണ് റവന്യൂ വകുപ്പ്.
കരുത്തോടെ കേരളം- 86