കോട്ടയം ജില്ലയിലെ നവീകരിച്ച ഇടക്കുന്നം ജനകീയാരോഗ്യ കേന്ദ്രത്തിന്‍റെ ഉദ്ഘാടനവും പാറത്തോട് മെയിൻ സെന്‍റര്‍ ജനകീയാരോഗ്യ കേന്ദ്രത്തിന്‍റെ കെട്ടിട നിര്‍മാണോദ്ഘാടനവും സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിര്‍വഹിച്ചു. ശിശുമരണ നിരക്കും മാതൃമരണ നിരക്കും കുറച്ച് ആരോഗ്യ പരിപാലന രംഗത്ത് മാതൃക സൃഷ്ടിക്കാന്‍ കേരളത്തിന് സാധിച്ചെന്ന് മന്ത്രി പറഞ്ഞു..

പാറത്തോട് ഗ്രാമപഞ്ചായത്തിന്‍റെ ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപയും ദേശീയ ആരോഗ്യ മിഷൻ ഫണ്ടിൽ നിന്ന് ഏഴു ലക്ഷം രൂപയും വിനിയോഗിച്ചാണ് ഇടക്കുന്നം ജനകീയ ആരോഗ്യ കേന്ദ്രം നവീകരിച്ചത്. ഹെൽത്ത് ഗ്രാൻഡിൽ നിന്ന് 55 ലക്ഷം രൂപ ചെലവിട്ടാണ് പാറത്തോട് മെയിൻ സെന്‍റർ ജനകീയാരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിർമിക്കുന്നത്.

പാറത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു. ആന്‍റോ ആന്‍റണി എം.പി. മുഖ്യപ്രഭാഷണം നടത്തി. കായകൽപ്പ് അവാർഡ്, എൻ.ക്യു.എ.എസ്. അംഗീകാരം എന്നിവ നേടിയ പാറത്തോട് കുടുംബാരോഗ്യ കേന്ദ്രത്തെ ചടങ്ങില്‍ ആദരിച്ചു.