നാടിന്റെവികസനത്തിനും ഭാവിപ്രവര്‍ത്തനങ്ങള്‍ക്കുമായി ജനങ്ങളില്‍ നിന്ന് അഭിപ്രായംതേടിയുള്ള വികസന സദസുകള്‍ക്ക് സെപ്റ്റംബര്‍ 22ന് തുടക്കമാകും. പ്രാദേശികസര്‍ക്കാരുകളുടെ വികസനപ്രവര്‍ത്തനങ്ങളും ആശയങ്ങളും അവതരിപ്പിക്കുന്നതിനും അവസരമൊരുക്കും. തദ്ദേശസ്വയംഭരണ വകുപ്പും വിവരപൊതുജനസമ്പര്‍ക്ക വകുപ്പും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 20 വരെയാണ് ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍/നഗരസഭാതലങ്ങളില്‍ സദസുകള്‍ നടത്തുക.
വികസനപുരോഗതി, തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്നിവ പൊതുജനസമക്ഷം അവതരിപ്പിച്ച് ചര്‍ച്ചയിലൂടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും. മന്ത്രിമാര്‍, എം.എല്‍.എമാര്‍, മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍മാര്‍, മറ്റ് ജനപ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കാളികളാകും. സ്ത്രീകള്‍, യുവജനങ്ങള്‍, വിഷയവിദഗ്ധര്‍, സന്നദ്ധസംഘടനകള്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിതകര്‍മസേന പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെയും സാന്നിധ്യമുണ്ടാകും.
വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് തയ്യാറാക്കിയ സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിഡിയോ വേദികളില്‍ പ്രദര്‍ശിപ്പിക്കും. തദ്ദേശഭരണസ്ഥാപനത്തിന്റെ വികസനനേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യും. അതിദാരിദ്ര്യ നിര്‍മാര്‍ജനം, ലൈഫ് മിഷന്‍, ഡിജി കേരളം, മാലിന്യസംസ്‌കരണം, ഗ്രാമീണ റോഡുകളുടെ വികസനം, കെ-സ്മാര്‍ട്, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ വിവിധ പദ്ധതികളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍, നൂതന പദ്ധതികള്‍ എന്നിവ റിസോഴ്‌സ്‌പേഴ്‌സണ്‍മാര്‍/ സെക്രട്ടറിമാര്‍ അവതരിപ്പിക്കും. പൊതുജനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി ഓപ്പണ്‍ ഫോറവും നടത്തും.
വികസന സദസ്സിനോടനുബന്ധിച്ച് അതത് തദ്ദേശസ്ഥാപനങ്ങളുടെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന എക്‌സിബിഷനും കെ-സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുന്ന ക്ലിനിക്കും ഒരുക്കും. അക്കൗണ്ട് രൂപീകരണം, കെട്ടിടവിവരങ്ങളുടെ ലിങ്ക്, നികുതിസ്വീകരണം, ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ കെ-സ്മാര്‍ട്ട് ക്ലിനിക്കില്‍ ലഭിക്കും. വിജ്ഞാനകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് തൊഴില്‍മേളകളുമുണ്ടാകും.
അതിദാരിദ്ര്യ നിര്‍മാര്‍ജനം, ലൈഫ് മിഷന്‍ പദ്ധതിക്കായി ഭൂമി വിട്ടുനല്‍കിയവര്‍, ഹരിതകര്‍മസേനാംഗങ്ങള്‍ തുടങ്ങി വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരെ ആദരിക്കും. ലഭിക്കുന്ന നിര്‍ദേശങ്ങളും വിവരങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വാര്‍ റൂം പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യും. വിശദ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും.
സംഘാടനത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ പരിശീലനം ജില്ലാപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപല്‍ ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, ജില്ലാ ജോയിന്റ് ഡയറക്ടര്‍ എസ്. സുബോധ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ബി. അജയകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, റിസോഴ്‌സ്‌പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
