വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത നേടിയ ബ്ലോക്കായി സെപ്തംബർ 20-ന് പ്രഖ്യാപിക്കും. രാവിലെ ഒമ്പത് മുതൽ നടവരമ്പ് മാസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പ്രഖ്യാപനം നിർവഹിക്കും. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും.
രാവിലെ ഒമ്പതിന് വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്മാരുടെ ചെണ്ട അരങ്ങേറ്റം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന്, കല്ലംകുന്ന് പട്ടികവർഗ്ഗ ഉന്നതിയിലെ നിവാസികൾക്ക് ഭൂമിയുടെ കൈവശാവകാശ രേഖ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ കൈമാറും. ഡോ. സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.കെ. ഡേവിസ് മാസ്റ്റർ, ഷീല അജയഘോഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
2022- 23 മുതൽ തുടർച്ചയായി മൂന്ന് വർഷമായി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഭരണഘടനയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള വിവിധ പരിപാടികൾ നടത്തിയിരുന്നു. വിദ്യാർത്ഥികൾ, തൊഴിലാളികൾ, വയോജനങ്ങൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലേക്കും ഭരണഘടനയുടെ പ്രാധാന്യം എത്തിക്കുന്നതിനായി ചർച്ചകൾ, സെമിനാറുകൾ, വിജ്ഞാന സദസ്സുകൾ, ക്വിസ് മത്സരങ്ങൾ, കലാപരിപാടികൾ, പദയാത്രകൾ, ഗൃഹസന്ദർശനങ്ങൾ എന്നിവ സംഘടിപ്പിച്ചു. വിവിധ കോളേജുകളിലെയും സ്കൂളുകളിലെയും എൻ.എസ്.എസ് വൊളണ്ടിയർമാർ, വായനശാല പ്രവർത്തകർ, കുടുംബശ്രീ, ഹരിതകർമ്മസേന പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും ഭരണഘടനയുടെ ലഘുലേഖകൾ എത്തിച്ചു. ഇതിനുപുറമെ, നൂറിലധികം പൊതു ഇടങ്ങളിൽ ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത ഭരണഘടനാ ചുവരുകളും സ്ഥാപിച്ചിട്ടുണ്ട്.
കൊട്ടാരക്കര കിലയിലെ ഉദ്യോഗസ്ഥർ വിവിധ തലങ്ങളിൽ പരിശോധിച്ച് സാക്ഷ്യപത്രം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂർണ്ണ ഭരണഘടന സാക്ഷരത ബ്ലോക്ക് ആയി പ്രഖ്യാപിക്കുന്നത്.
