കൊച്ചി: പ്രളയം തൂത്തുവാരിയെറിഞ്ഞ കാർഷിക മേഖലയെ തിരിച്ചുപിടിക്കാ ൻ പാടത്തേക്കിറങ്ങിയിരിക്കുകയാണ് കുറുമശ്ശേരിയിലെ വനിതകൾ. കൃഷിപ്പണികളിലെ അറിവിൽ വട്ടപൂജ്യം. പക്ഷേ , എല്ലാം പഠിക്കാൻ തയാറായി ആണ് പുറപ്പാട്. നാടിനെ രക്ഷിക്കാൻ തെങ്ങുകയറാൻ വരെ റെഡി. യന്ത്രം തന്നു സഹായിച്ചാ ൽ തെങ്ങ് കയറുക മാത്രമല്ല ഞാറു നടാനും, നെല്ല് കൊയ്യാനും, ട്രാക്ടർ ഓടിക്കാനും ഇവർ തയാറാണ്. സംസ്ഥാന സർക്കാർ പദ്ധതിയായ മഹിളാ കിസാൻ സശാക്തീകരൺ പരിയോജന പ്രകാരം എല്ലാവരും പരിശീലനങ്ങൾ തുടങ്ങി കഴിഞ്ഞു.

പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച പഞ്ചായത്തുകളാണ് കുന്നുകരയും പാറക്കടവും. കാർഷിക മേഖല പൂർണമായും തകർന്നു. അടിതെറ്റിയ കാർഷിക മേഖലയുടെ താളം വീണ്ടെടുക്കുന്നതിനാണ് വനിതകളെ പ്രാപ്തരാക്കുന്നത്. ഇതിലൂടെ തൊഴിൽ രഹിതരായ വനിതകൾക്ക് വരുമാനമാർഗവും ലഭ്യമാക്കുന്നു.

സംസ്ഥാന സർക്കാരിന്റെ മഹിളാ കിസാൻ സ്ത്രീ ശാക്തീകരണ പരിയോജന  പ്രകാരം വനിതകൾക്ക് കാർഷിക യന്ത്രങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനമാണ് നൽകുന്നത്. തെങ്ങുകയറ്റ യന്ത്രം, ഞാറു നടീൽ യന്ത്രം, കൊയ്ത്തു യന്ത്രം , ട്രാക്ടർ എന്നിവ പരിശീലിപ്പിക്കുകയാണ് ആദ്യം . തുടർന്ന് 10 പേരടങ്ങുന്ന സംഘങ്ങൾ രൂപീകരിക്കും. സംഘങ്ങളുടെ നേതൃത്വത്തിലായിരിക്കും കൃഷിപ്പണികൾ ചെയ്യുക. ഇതിൽ 60 ശതമാനം തുക അംഗങ്ങൾക്ക് കൂലിയായി ലഭിക്കും. 40 ശതമാനം യന്ത്രങ്ങളുടെ പ്രവർത്തന ചിലവിനും.

പ്രളയം ബാധിത പഞ്ചായത്തുകളിൽ അമേരിക്കയിലെ മലയാളി വനിതകളുടെ കൂട്ടായ്മയായ ‘പുണ്യം’ സംഘടന പച്ചക്കറി കൃഷി നടത്തുന്നതിനാവശ്യമായ ഫണ്ട് നൽകുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളും സംസ്ഥാന സർക്കാർ നേരിട്ടും പണം നൽകുന്നു. ഏകദേശം ഒരു കോടി രൂപയാണ് പദ്ധതിക്കായി ചിലവഴിക്കുന്നത്.

പാലക്കാട് ആസ്ഥാനമായ വുമൺസ് വെസ്റ്റ് ഫെഡറേഷൻ ലേബർ ബാങ്ക്എന്ന കാർഷിക സംഘടനയാണ് കുറുമശ്ശേരിയിൽ പരിശീലനം നൽകുന്നത്. 20 യുവതികളാണ് പരിശീലനം തേടുന്നത്. ഇതു സംബന്ധിച്ചുള്ള ആദ്യ അറിയിപ്പിൽ തന്നെ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ സഹകരണമാണ് ലഭിച്ചതെന്ന് ടീം ലീഡർ ഉഷ ബാബുരാജ് പറയുന്നു. എല്ലാവരും തന്നെ താല്പര്യം പ്രകടിപ്പിച്ചു. 15 പേരെയാണ് പ്രതീക്ഷിച്ചത്. പക്ഷേ 20 പേരാണ് പരിശീലനത്തിന് എത്തിയത്. പരിശീലനം കഴിഞ്ഞ് എല്ലാവരും കൃഷിപ്പണികൾ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.  പ്രളയത്തിൽ നശിച്ചതു മാത്രമല്ല തരിശുകിടക്കുന്ന മുഴുവൻ ഭൂമിയും കൃഷി ചെയ്യുമെന്നും ഉഷ പറയുന്നു.

കൃഷി ചെയ്യാൻ തയാറായി വന്ന യുവതികളെ പ്രോത്സാഹിപ്പിക്കുകയാണ് നാട്ടുകാർ.
പ്രദേശത്തെ വെള്ളക്ഷാമത്തിന് പരിഹാരം കാണാൻ പാറക്കടവ് സർവീസ് സഹകരണ ബാങ്ക് സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ബാങ്കിന്റെ പദ്ധതിയായ മണ്ണിൽ നന്മക്ക്, മനുഷ്യ നന്മക്ക് പദ്ധതിയിൽപ്പെടുത്തി നടീൽ വസ്തുക്കൾ എത്തിക്കുന്നതിലും ബാങ്ക് സഹായിക്കുമെന്ന് പ്രസിഡന്റ് എം.കെ.പ്രകാശൻ പറഞ്ഞു.

പറമ്പിലെ കൃഷിപ്പണികൾ കൂടാതെ വീടുകളിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിലും യുവതികളെ പ്രാപ്തരാക്കും. ഗ്രോബാഗാണ് വീടുകളിൽ നൽകുന്നത്. ഇത് നിറച്ചു നൽകുന്നതിനുള്ള പരിശീലനം ഇവർക്കു നൽകും. തുള്ളി നന കൃഷിയിലും പരിശീലനം നൽകും.
പാലക്കാട് വുമൺ വെസ്റ്റ് ഫെഡറേഷൻ സി.ഇ.ഒ കവിത .എസ് . ആണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. പ്രദേശത്തെ തരിശായി കിടക്കുന്ന 10 ഏക്കറിൽ കൃഷി ഇറക്കലാണ് അടുത്ത ഘട്ടം. കുന്നുകര പഞ്ചായത്തിൽ ഇത്തരത്തിലുള്ള സംഘത്തിന്റെ നേതൃത്വത്തിൽ 30 ഏക്കറിൽ കൃഷി ആരംഭിച്ചു. ഇവിടെയുണ്ടായ പ്രവർത്തന ങ്ങൾ കണ്ട് പാറക്കടവ് പഞ്ചായത്ത് ഭാരവാഹികളുടെ അഭ്യർത്ഥന പ്രകാരമാണ് കുറുമശ്ശേരിയിൽ പരിശീലനം ആരംഭിച്ചത്. നിലവിൽ തൊഴിലുറപ്പ് കാർഡ് ഉള്ളവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.