മാവേലിക്കര: സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ ഭവന പദ്ധതി പ്രകാരം മാവേലിക്കര തെക്കേക്കര പഞ്ചായത്തിലെ ആറാം വാർഡായ തടത്തിലാൽ സുകുമാര സദനത്തിൽ എസ്.ശശീന്ദ്രന് സ്വന്തമായി വീട് ലഭിച്ചു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ശശീന്ദ്രന് സ്വന്തമായി വീട് ലഭിച്ചത്. മാവേലിക്കരയിൽ ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ ആദ്യ ഭവനമാണിത്. കുടുംബത്തിൽ നിന്നും കിട്ടിയ രണ്ടര സെന്റ് വസ്തുവിലാണ് ശശീന്ദ്രൻ വീട് നിർമ്മിച്ചിരിക്കുന്നത്. മറ്റുളളവരെ പോലെ തനിക്കും വീടെന്ന സ്വപ്‌നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് ശശീന്ദ്രൻ.
മാവേലിക്കരയിലെ ആദ്യ ലൈഫ് ഭവനത്തിന്റെ താക്കോൽ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘു പ്രസാദ് ശശീന്ദ്രന് കൈമാറി. കുടുംബശ്രീയുടെ നേതൃത്വത്തിലായിരുന്നു വീടു നിർമാണം. മാവേലിക്കര ബ്ലോക്കിൽ കുടുംബശ്രീ വനിത നിർമാണ യൂണിറ്റിന്റെ ആദ്യ വീടും ഇതാണ.് കുടുംബശ്രീയുടെ അക്രഡിറ്റഡ് ഏജൻസിയായ ഏക്‌സാതാണ് വീടുനിർമ്മാണത്തിന്റെയും ഓൺജോബ് ട്രെയിനിങ്ങിന്റെയും പരിശീലനം സ്ത്രീമേസ്തിരിമാർക്ക് ലഭ്യമാക്കിയത്. ഈ നിലയിൽ നിർമ്മാണം പൂർത്തീകരിച്ച് താക്കോൽ ദാനം നിർവ്വഹിച്ച ജില്ലയിലെ ഏഴാമത്തെ വീടാണിത്.
മാവേലിക്കര ബ്ലോക്കിലെ തഴക്കര, തെക്കേക്കര, ചെട്ടികുളങ്ങര പഞ്ചായത്തുകളിൽ നിന്നായി ഇരുപത്തഞ്ചോളം വരുന്ന കുടംബശ്രീ വനിത മേസ്തിരിമാർ 53 ദിവസങ്ങളിലായി 318 മണിക്കൂർ ജോലിയെടുത്താണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഒരു ദിവസം ശരാശരി ആറുമണിക്കൂറായിരുന്നു നിർമാണ പ്രവർത്തനം. പരിശീലനം ലഭിച്ചവരെ അഞ്ചു പേരടങ്ങുന്ന ചെറിയ യൂണിറ്റുകളാക്കി തിരിച്ചായിരുന്നു വീടുപണി.ചടങ്ങിൽ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈല ലക്ഷ്മണൻ അധ്യക്ഷയായി. ഗ്രാമപഞ്ചായത്തംഗങ്ങളായ ആർ ഉണ്ണികൃഷ്ണൻ, ആശ സുരേഷ്, ഗിരിജ രാമചന്ദ്രൻ, സുധ പ്രഫുലൻ, ഹരികുമാർ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം ഷൈലജ ശശിധരൻ, സിഡിഎസ് അധ്യക്ഷ മറിയാമ്മ ഡാനിയേൽ, വൈസ് പ്രസിഡന്റ് ടി.വിശ്വനാഥൻ എന്നിവർ സംസാരിച്ചു.