ആലപ്പുഴ : മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് നിവാസി ഓമനയ്ക്ക് ഇനി സ്വന്തം വീട്ടിൽ കിടന്നുറങ്ങാം. കുടുംബശ്രീ മിഷന്റെ ആശ്രയ പദ്ധതി വഴി അടച്ചുറപ്പുള്ള വീട് ലഭിച്ചിരിക്കുകയാണ് ഈ വീട്ടമ്മയ്ക്ക് . സ്വന്തമായി ആരുമില്ലാത്ത ഓമന മറ്റുള്ളവരെ ആശ്രയിച്ചായിരുന്നു ജീവിച്ചിരുന്നത്. ബി.പി.എൽ വിഭാഗത്തിൽ പരമദരിദ്രരായ അഗതി കുടുംബങ്ങളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനുള്ള കുടുംബശ്രീയുടെ ആശ്രയ പദ്ധതി വഴിയാണ് ഓമനയ്ക്ക് വീട് ലഭിച്ചത്. ലൈഫ് മിഷന്റെ സഹായത്തോടെയായിരുന്നു വീട് നിർമാണം. നാലു ലക്ഷം രൂപ ചെലവിലാണ് വീട് നിർമാണം പൂർത്തിയാക്കിയത്.
കുടുംബശ്രീ വനിത നിർമ്മാണ സംഘമാണ് വീട് പണിതത്. ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ വനിതകൾക്ക് ലഭിച്ച നൈപുണ്യ പരിശീലനത്തിന്റെ ഭാഗമായാണ് വീട് നിർമാണം നടത്തിയത്. 30 വനിതകൾ ചേർന്ന് 53 ദിവസമെടുത്താണ് വീട് നിർമ്മാണം പൂർത്തീകരിച്ചത്. കുടുംബശ്രീയുടെ ആദ്യ സംരംഭമെന്ന നിലയിൽ ഓമനയുടെ വീട് വിജയമായിരുന്നുവെന്ന് കുടുംബശ്രീ ജില്ല മിഷൻ കോ ഓർഡിനേറ്റർ സുജ ഈപ്പൻ പറഞ്ഞു. ആശ്രയ പദ്ധതി പ്രകാരം ജില്ലയിൽ ആകെ 15 വീടുകളാണ് ഈ വർഷം പൂർത്തിയാകുന്നത്. തണ്ണീർമുക്കം, മുഹമ്മ, പട്ടണക്കാട്, തൈക്കാട്ടുശ്ശേരി, മുഹമ്മ, മുട്ടാർ, നെടുമുടി, പത്തിയൂർ, അമ്പലപ്പുഴ വടക്ക്, പുന്നപ്ര വടക്ക്, പള്ളിപ്പാട്, കണ്ടല്ലൂർ, വെണ്മണി, തെക്കേക്കര എന്നിവടങ്ങളിലാണ് വീടുകൾ താമസത്തിനൊരുങ്ങുന്നത്. ഇവയിൽ 12 എണ്ണവും പൂർത്തിയായി.
