പ്രതികൂല കാലാവസ്ഥയില്‍ സാഹസിക രക്ഷാപ്രവര്‍ത്തനത്തിലൂടെ ജില്ലയില്‍ 85 പേരെ രക്ഷിക്കാനായി. ഫിഷറീസ് വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ ഒരു ബോട്ടും ബോട്ട് ഓണേഴ്സിന്റെ സഹായത്തോടെ ലഭ്യമായ രണ്ടു ബോട്ടുകളിലുമായാണ് രക്ഷാപ്രവര്‍ത്തനം കേന്ദ്രീകരിച്ചത്. ഇവയ്ക്കൊപ്പം മീന്‍പിടുത്ത വള്ളങ്ങളും കടലിലിറങ്ങി. മത്സ്യത്തൊഴിലാളികളുടെ കടലറിവുകള്‍ കൂടി പ്രയോജനപ്പെടുത്തിയാണ് കാണാതായവര്‍ക്കായി തെരച്ചില്‍ നടത്തിയത്.
നീണ്ടകര നിന്ന് പോയ ബോട്ടുകളില്‍ ഭൂരിഭാഗവും സുരക്ഷിതമായി തിരികെയെത്തി. എന്നാല്‍ ജിതിന്‍, ബിനോയ് മോന്‍ എന്നീ രണ്ടു ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടു. ജിതിനിലുണ്ടായിരുന്ന മൂന്ന് പേരെ രക്ഷപെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു , കുടെയുണ്ടായിരുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ബിനോയ്മോനിലെ 11 പേരെയും രക്ഷപെടുത്തി കൊല്ലത്ത് എത്തിക്കാനായി.
സെയിന്റ് നിക്കോളാസ്, അശ്വിന്‍ എന്നീ ബോട്ടുകളിലെ 15 പേരെയും രക്ഷപെടുത്തി കരയ്ക്കെത്തിച്ചു. കൊല്ലം കടപ്പുറത്ത് നിന്ന് പോയ എല്ലാ മത്സ്യത്തൊഴിലാളികളും സുരക്ഷിതരായി തിരികെയെത്തിയിട്ടുണ്ട്. കാണാതായ വേളാങ്കണ്ണിമാതാ എന്ന ബോട്ട് എറണാകുളം മേഖലയില്‍ കണ്ടെത്തി അതിലുണ്ടായിരുന്ന നാലു പേരെ കൊല്ലത്ത് എത്തിച്ചിട്ടുമുണ്ട്.
മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ ബോട്ടും മറ്റു രണ്ടു ബോട്ടുകളും ചേര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ കൂടി സഹായത്തോടെ കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി. ടി. സുരേഷ്‌കുമാര്‍ അറിയിച്ചു.
സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനം ഫലപ്രദം നാടിന്റെ സ്നേഹവായ്പിലേക്ക് അവര്‍ മടങ്ങിയെത്തി
ഒരു നാടു മുഴുവന്‍ രാവും പകലും കാത്തിരുന്നത് അവര്‍ നാലു പേര്‍ക്കായാണ്. വേളാങ്കണ്ണിമാതാ ബോട്ടില്‍ കടലില്‍ പോയ ദയാളന്‍, ആന്റണി, കാജിന്‍, കെപ്സണ്‍ എന്നിവര്‍ക്കായി. പ്രക്ഷുബ്ധമായ കടലില്‍ ജീവന് വേണ്ടി പൊരുതിയ ഇവരെ സംസ്ഥാന സര്‍ക്കാരിന്റെ നിരന്തര പരിശ്രമത്തിനൊടുവിലാണ് തിരികെ കിട്ടിയത്. മൂതാക്കര- ജോനകപ്പുറം മത്സ്യമേഖലയില്‍ കാത്തിരുപ്പിന്റെ പിരിമുറുക്കത്തിന് ഇതോടെ അവസാനമായി.
സര്‍ക്കാരിന്റെ നല്ല ഇടപെടല്‍ കൊണ്ടാണ് ഞങ്ങള്‍ രക്ഷപെട്ടത്. ഈ സഹായം ലഭിച്ചില്ലായിരുന്നെങ്കില്‍ രക്ഷപെടാന്‍ കഴിയില്ലായിരുന്നുവെന്ന് തിരികെയെത്തിയവരുടെ സാക്ഷ്യം. രക്ഷപെടാനുള്ള സാഹചര്യം ഒരുക്കാന്‍ ജില്ലാ കലക്ടര്‍ ചെയ്ത സഹായവും മറക്കില്ല – അവര്‍ പറഞ്ഞു. പേടിപ്പിക്കുന്ന കാറ്റിലും മഴയിലും ആടിയുലഞ്ഞ ബോട്ട് മറിഞ്ഞ് പോകാതെയും കയറിയ വെള്ളം ഒഴുക്കി കളഞ്ഞുമാണ് പിടിച്ചു നിന്നത്. നാവിക സേനയുടെ ഹെലികോപ്റ്റര്‍ കണ്ടെത്തുമ്പോള്‍ കൊല്ലത്ത് നിന്ന് ഏതാണ്ട് 170 കിലോമീറ്റര്‍ അകലെയായിരുന്നു നിയന്ത്രണമില്ലാതെ ബോട്ട്.
ജീവന്‍ തിരികെ കിട്ടിയ ആഹ്ളാദ നിമിഷങ്ങള്‍ പങ്കിടാന്‍ വീട്ടുകാര്‍ക്കൊപ്പം എം. മുകേഷ് എം. എല്‍. എയും മേയര്‍ വി. രാജേന്ദ്രബാബുവും മറ്റു ജനപ്രതിനിധികളും നാട്ടുകാരും എത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ ഇവരെ ഫോണില്‍ വിളിച്ച് സന്തോഷം അറിയിച്ചു.