തിളക്കമാര്‍ന്ന വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വികസനസദസ്സ്. ഉള്ളിയേരി സമന്വയ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കെ എം സച്ചിന്‍ദേവ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ദീര്‍ഘവീക്ഷണത്തോടെയുള്ള വികസനം നാട്ടില്‍ ഉണ്ടാവണമെന്നും അതിന് രാഷ്ട്രീയം നോക്കാതെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും എംഎല്‍എ പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങളുടെ അവതരണം, ഗ്രാമപഞ്ചായത്തിന്റെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആശയങ്ങളും നിര്‍ദേശങ്ങളും പങ്കുവെക്കല്‍, ചര്‍ച്ച എന്നിവ വികസന സദസ്സില്‍ നടന്നു. ഭക്ഷണശാലകളിലെ ശുചിത്വം സംബന്ധിച്ച് കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുക, വയോജനങ്ങള്‍ക്കുള്ള പെന്‍ഷന്‍ അനുവദിക്കുന്നതില്‍ കുടുംബ വരുമാനം എന്നത് സ്വന്തം വരുമാനം എന്നതിലേക്ക് മാറ്റുക, സ്‌കൂളുകളില്‍ ശുചിമുറികള്‍ ആവശ്യത്തിനുണ്ടെന്നും വൃത്തിയോടെ സൂക്ഷിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുക, ഉള്ളിയേരിയിലെ തിരക്ക് കുറക്കാന്‍ ബൈപാസ് നിര്‍മിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി അജിത അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുനില്‍ ഡേവിഡ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ബാലരാമന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ്, റിസോഴ്‌സ് പേഴ്‌സണ്‍ ഷിബിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
