കൃഷി കർഷക ക്ഷേമ വകുപ്പിന്റെ ഒമ്പത് വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും അടുത്ത അഞ്ചു വർഷത്തെ ലക്ഷ്യങ്ങൾ രൂപീകരിക്കുന്നതിനുമായി കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാർ ഒക്ടോബർ 25ന് ആലപ്പുഴ എസ് കെ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും.

കൃഷി മേഖലയിലെ വിഷയവിദഗ്ധർ,വിവിധ ജില്ലകളിൽ നിന്നുള്ള കർഷകർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് സെമിനാർ നടക്കുക. കാലാവസ്ഥാ വ്യതിയാനം,കർഷക തൊഴിലാളികൾ,പുതിയ കൃഷി രീതി,അനുബന്ധ വിഷയങ്ങൾ,കൃഷി വിപണി, വായ്പ, സ്റ്റാർട്ടപ്പുകൾ തുടങ്ങി വിവിധ മേഖലകളിൽ വൈദഗ്ത്യം നേടിയവർ സെമിനാറിൽ പങ്കെടുക്കും. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ചെയർമാൻ ആയിട്ടുള്ള വിപുലമായ സംഘാടക സമിതി രൂപവൽക്കരിച്ചു. സംഘാടകസമിതി രൂപീകരണയോഗം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ വ്യതിയാനവും കാർഷിക തൊഴിൽ മേഖലയിലുള്ള മാറ്റങ്ങളും പുതിയ സാങ്കേതികവിദ്യയും മാറുന്ന കാലത്തിനനുസരിച്ച് കാർഷിക നയങ്ങളിൽ മാറ്റം ആവശ്യപ്പെടുന്നുണ്ടെന്ന് എംഎൽഎ പറഞ്ഞു.
കെ എൽ ഡി സി ചെയർമാൻ പി വി സത്യനേശൻ അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീബ രാകേഷ്,പുന്നപ്ര വടക്കു പഞ്ചായത്ത് പ്രസിഡൻറ് സജിത സതീശൻ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിബി വിദ്യാനന്ദൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നസീർ പുന്നക്കൽ, എം.ജി. സതീദേവി, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ സി. അമ്പിളി, അഡീഷണൽ ഡയറക്ടർ (മാർക്കറ്റിംഗ്) എസ് സിന്ധു, ആത്മ പ്രോജക്ട് ഡയറക്ടർ സി ആർ രശ്മി, എസ് രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.

സംഘാടക സമിതി: ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ,എം പി മാരായ കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ രക്ഷാധികാരികളും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ചെയർമാനും ജില്ലയിലെ എംഎൽഎമാർ,ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, മുനിസിപ്പൽ ചെയർപേഴ്സൺ ,അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എന്നിവർ വൈസ് ചെയർമാൻമാരും കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന വിപുലമായ സ്വാഗതസംഘം പ്രവർത്തിക്കും.