അരൂക്കുറ്റി ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച വികസന സദസ്സ് വടുതല അബ്റാര്‍ ഓഡിറ്റോറിയത്തിൽ ദലീമ ജോജോ എംഎൽഎ ഉദ്ഘാടനം ചെയ്തു. അരൂർ മണ്ഡലത്തിൽ പത്തുവർഷംകൊണ്ട് പത്ത് പാലങ്ങൾ നിർമ്മിക്കാൻ സാധിച്ചു. അതിൽ 100 കോടി മുടക്കി നിർമ്മിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ പാലമായ പെരുമ്പളവും ഉൾപ്പെടുന്നുവെന്നത് അഭിമാനകരമായ കാര്യമാണെന്ന് എംഎൽഎ പറഞ്ഞു. ഹൈടെക് ക്ലാസ് മുറികളോട് കൂടി നിരവധി സ്കൂൾ കെട്ടിടങ്ങളാണ് മണ്ഡലത്തിൽ യാഥാർത്ഥ്യമായത്. സ്മാർട്ട് അങ്കണവാടികൾ, മികച്ച നിലവാരത്തിലുള്ള റോഡുകൾ, മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച വഴിവിളക്കുകൾ തുടങ്ങി കോടികളുടെ വികസന പ്രവർത്തനങ്ങളാണ് ചുരുങ്ങിയ കാലയളവിൽ അരൂർ മണ്ഡലത്തിന് ലഭിച്ചതെന്നും എംഎൽഎ പറഞ്ഞു.

പഞ്ചായത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കുടിവെള്ളമെത്തിച്ചുകൊണ്ട് കുടിവെള്ള വിതരണത്തിൽ പൂർണ്ണത കൈവരിക്കാൻ കഴിഞ്ഞുവെന്നത് അഭിമാനകരമായ നേട്ടമാണെന്ന് പഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ച് സെക്രട്ടറി പ്രീത വി പ്രഭു പറഞ്ഞു. ജലസമൃദ്ധ ഗ്രാമം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ജല ബജറ്റ് തയ്യാറാക്കി പ്രസിദ്ധീകരിച്ചതായും കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള വിഭവസ്രോതസ്സ് രൂപപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ഡി. കാറ്റ് പദ്ധതിക്ക് തുടക്കമിട്ടത് അരൂക്കുറ്റി ഗ്രാമപഞ്ചായത്തിലാണെന്നും പ്രോഗ്രാസ് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ അഞ്ചുവർഷ കാലയളവിൽ 200 പേർക്ക് ലൈഫ് പദ്ധതിയിലുൾപ്പെടുത്തി വീടുകൾ നിർമ്മിച്ചു നൽകി. സ്വകാര്യ സ്‌കൂളുകളടക്കം പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളിലും സാനിറ്ററി സമുച്ചയങ്ങൾ സ്ഥാപിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

സദസ്സില്‍ പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്ത് അധ്യക്ഷനായി. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത മുഖ്യപ്രഭാഷണം നടത്തി. റിസോഴ്സ് പെഴ്സണ്‍ സന്തോഷ് കുമാർ സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ അവതരിപ്പിച്ചു. സദസ്സിന്റെ ഭാഗമായി വിവിധ മേഖലയിലെ വ്യക്തികളെ ആദരിച്ചു.