10 വർഷം കൊണ്ട് കേരളത്തിലുണ്ടായത് വലിയ വികസനകുതിപ്പാണെന്ന് ദലീമ ജോജോ എംഎൽഎ പറഞ്ഞു. അരൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച വികസന സദസ്സ് മാനവീയം വേദിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ.

അരൂർ മണ്ഡലത്തിൽ സ്കൂളുകൾ, റോഡുകൾ, ആശുപത്രികൾ, പാലങ്ങൾ, ടൂറിസം തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കാൻ സാധിച്ചു. അതിന്റെ ഏറ്റവും വലിയ സാക്ഷ്യപത്രമാണ് നൂറുകോടി മുടക്കി നിർമ്മിക്കുന്ന പെരുമ്പളം പാലവും വിവിധ സ്ഥലങ്ങളിലായി നിർമ്മാണം പൂർത്തീകരിച്ചതും പുരോഗമിക്കുന്നതുമായ 20 മികവുറ്റ വിദ്യാലയങ്ങളും റോഡുകളുമെന്നും എംഎൽഎ പറഞ്ഞു.

ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിൽ 422 വീടുകൾ നിർമ്മിച്ചു നൽകുവാൻ സാധിച്ചത് അഭിമാനകരമായ നേട്ടമാണെന്ന് സെക്രട്ടറി സിന്ധു ഈശ്വര അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. അരൂരിൻ്റെ ശുദ്ധജലസ്രോതസ്സായിരുന്ന എരിയകുളം ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെ കല്ലുകെട്ടി ശുദ്ധീകരിച്ച് സംരക്ഷിക്കുന്നതും എരിയകുളത്തിനോട് ചേർന്ന് മാനവീയം പാർക്ക്, ടേക്ക് എ ബ്രേക്ക്, ഓപ്പൺ സ്റ്റേജ് എന്നിവ നിർമ്മിച്ചതും ഭരണസമിതിയുടെ വലിയ നേട്ടമായി. വരുംതലമുറയുടെ കായിക ഭാവി മുന്നിൽകണ്ട് 12-ാം വാർഡിൽ പുതിയ കളിസ്ഥലം സ്ഥാപിച്ചു. കേരളത്തിൽ തന്നെ ഏറ്റവും മികച്ചതും വലുതുമായ മെറ്റീരിയൽ കളക്ഷൻ സെന്റർ സ്ഥാപിച്ചു. 72 അതിദരിദ്ര്യരെ കണ്ടെത്തി ആവശ്യമായ സഹായങ്ങൾ നൽകി അരൂരിനെ അതിദാരിദ്ര്യമുക്ത പഞ്ചായത്താക്കി മാറ്റി. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ജലജീവൻ പദ്ധതിപ്രകാരം പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സൗജന്യമായി വാട്ടർ ലൈനുകൾ സ്ഥാപിച്ചു. കുടിവെള്ള ലഭ്യതയിൽ അരൂർ ഗ്രാമപഞ്ചായത്ത് നൂറ് ശതമാനം സ്വയം പര്യാപ്ത‌ത നേടി എന്നതുൾപ്പെടെയുള്ള നേട്ടങ്ങൾ സദസ്സിൽ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

സദസ്സിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാഖി ആന്റണി അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തംഗം വിജയകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ഇ ഇഷാദ്, സ്ഥിരംസമിതി അധ്യക്ഷരായ സീനത്ത് ഷിഹാബുദ്ദീൻ, നൗഷാദ് കുന്നേൽ, അമ്പിളി ഷിബു, കെഎസ്ഡിപി ചെയർമാൻ സി ബി ചന്ദ്രബാബു, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി എൻ മനോഹരൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
സദസ്സിൻ്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ്, വിജ്ഞാനകേരളം തൊഴിൽമേള, ലൈഫ് മിഷൻ വീടുകളുടെ താക്കോൽദാനം, വിശിഷ്ട വ്യക്തികളെ ആദരിക്കൽ, ഫോട്ടോ- ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയവയും നടന്നു