ആരോഗ്യരംഗം കൈവരിച്ച ഉന്നതനേട്ടം ഉയര്‍ത്തിക്കാട്ടി ഒഴൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ജനശ്രദ്ധ നേടി. ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കൊടിയേങ്ങലിന്റെ അധ്യക്ഷതയില്‍ താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ജലീല്‍ ഉദ്ഘാടനം ചെയ്തു.
കേരളീയ പൊതുസമൂഹത്തിന്റെയും രാഷ്ട്രീയ ഭേദമെന്യേ നേതാക്കളുടെയും സഹകരണം കൊണ്ടാണ് കേരളത്തിന് ഇന്നത്തെ നിലയില്‍ എത്താന്‍ സാധിച്ചതെന്നും, ജില്ലയില്‍ വിദ്യാഭ്യാസരംഗത്ത് അത്യുന്നത നേട്ടം കൈവരിക്കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു.പഞ്ചായത്തിന്റെ അഞ്ചുവര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളുടെ രേഖ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ. സുരേഷ് അവതരിപ്പിച്ചു.
രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ ഗുണനിലവാര പട്ടികയില്‍ 96 ശതമാനം സ്‌കോര്‍ നേടി ഒഴൂര്‍ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യമന്ത്രിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു. പഞ്ചായത്തിന്റെ ആരോഗ്യരംഗത്തെ മികവുറ്റ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഇത് നേടിയെടുക്കാന്‍ സാധിച്ചത്.
ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട 356 ഗുണഭോക്താക്കളില്‍ 243 പേരുടെ ഭവനങ്ങള്‍ പൂര്‍ത്തീകരിച്ചു. ബാക്കി ഭവനങ്ങള്‍ നിര്‍മ്മാണം നടന്നുവരുന്നു. മാലിന്യ സംസ്‌കരണ മേഖലയില്‍ ഹരിത കര്‍മ്മ സേനയെ കൊണ്ട് 90 ശതമാനം വാതില്‍പടി ശേഖരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. കെ.സ്മാര്‍ട്ട് വഴി 22874 ഫയലുകള്‍ തീര്‍പ്പാക്കി. ഡിജി കേരളം പദ്ധതി വഴി 1659 പഠിതാക്കള്‍ പരിശീലനം പൂര്‍ത്തീകരിച്ചു. കൂടാതെ പാലിയേറ്റീവ്, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, വയോജന പദ്ധതികള്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും പുരോഗതി കൈവരിക്കാന്‍ പഞ്ചായത്തിന് സാധിച്ചു.
ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ. കുഞ്ഞേനി മാസ്റ്റര്‍ സ്വാഗതം ആശംസിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ അഷ്‌കര്‍ കോറാട്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മുംതാസ്, മറ്റു മെമ്പര്‍മാരായ കെ.വി. പ്രജിത, എം. സൈതലവി, മൂസക്കുട്ടി, എം. സുബൈദ, കെ.കെ. ജമീല, പ്രമീള മമ്പാറ്റയില്‍, എ. സവിത കൂടാതെ അങ്കണവാടി, ആശ, കുടുംബശ്രീ, ഹരിതകര്‍മ്മ സേന പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.
