1809 കോടി രൂപയുടെ വികസനമാണ് ഈ സർക്കാർ അമ്പലപ്പുഴ മണ്ഡലത്തിൽ മാത്രം നടപ്പാക്കിയതെന്ന് എച്ച് സലാം എംഎൽഎ പറഞ്ഞു. അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ സംഘടിപ്പിച്ച അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 60 കോടി രൂപ ചെലവിൽ നിർമ്മിച്ച നാലുചിറ പാലം, 90 കോടി ചെലവിൽ നിലവിൽ നിർമ്മാണം പൂർത്തീകരിക്കുന്ന കൊട്ടാര വളവ്- കരുമാടി ബൈപ്പാസ് തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങളാണ് അമ്പലപ്പുഴ മണ്ഡലത്തിൽ നടപ്പിലാക്കുന്നത്. 20 കോടി രൂപ ചെലവിൽ അമ്പലപ്പുഴയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു.

ലൈഫ് ഭവന പദ്ധതിയിലൂടെ 156 ഭവനരഹിതർക്ക് വീട് ഒരുങ്ങുന്നതായും 17 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി സമ്പൂർണ്ണ അതിദാരിദ്ര്യ നിർമ്മാർജ്ജനം നടപ്പിലാക്കിയതായും പഞ്ചായത്ത് സെക്രട്ടറി ജയന്തി ഗോപാലകൃഷ്ണൻ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 70 പാലിയേറ്റീവ് കെയർ രോഗികൾക്ക് ആവശ്യമായ ചികിത്സാ സൗകര്യം ഒരുക്കുന്നു. ഡിജി കേരളം പദ്ധതിയിലൂടെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയതായും പഞ്ചായത്തിന് കീഴിലുള്ള എൽപി സ്കൂളുകളിൽ വൺ ടേബിൾ, വൺ ചെയർ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്നും സദസ്സിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ അധ്യക്ഷയായി.