നല്ലൂര്‍നാട് വില്ലേജിലെ സര്‍വ്വെ റെക്കോര്‍ഡുകള്‍ ഇനി ഡിജിറ്റലായി ലഭ്യമാകും. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ സര്‍വ്വെയുടെ ഭാഗമായാണ് നല്ലൂര്‍നാട് വില്ലേജിലെ എല്ലാ സര്‍വ്വെ റെക്കോര്‍ഡുകളും ഡിജിറ്റലായി നല്‍കുന്നത്. ഭൂനികുതി, രജിസ്‌ട്രേഷന്‍, ഭൂരേഖ പരിപാലനം തുടങ്ങിയ എല്ലാ സേവനങ്ങളും ഡിജിറ്റല്‍ സര്‍വ്വെ റെക്കോര്‍ഡ് പ്രകാരം എന്റെ ഭൂമി പോര്‍ട്ടല്‍ മുഖേന പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. മാനന്തവാടി താലൂക്കിലെ കാഞ്ഞിരങ്ങാട്, മാനന്തവാടി, പേരിയ, വാളാട്, തൃശ്ശിലേരി വില്ലേജുകളും സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ തോമാട്ടുചാല്‍, അമ്പലവയല്‍, പൂതാടി വില്ലേജുകളിലും വൈത്തിരി താലൂക്കിലെ അച്ചൂരാനം, കണിയാമ്പറ്റ വില്ലേജുകളിലും ഫീല്‍ഡ് പരിശോധന പൂര്‍ത്തിയാക്കി സര്‍വ്വെ ആന്‍ഡ് ബൗണ്ടറി നിയമം സെക്ഷന്‍ 9 (2) പ്രകാരം വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മാനന്തവാടി താലൂക്കിലെ ചെറുകാട്ടൂര്‍, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, തിരുനെല്ലി വില്ലേജുകളില്‍ സുല്‍ത്താന്‍ ബത്തേരിയിലെ ചീരാല്‍, പുല്‍പ്പള്ളി, കൃഷ്ണഗിരി വില്ലേജുകളിലും വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി, കുപ്പാടിത്തറ വില്ലേജുകളിലും ഡിജിറ്റല്‍ സര്‍വ്വെ പുരോഗമിക്കുകയാണ്. ഭൂ ഉടമകള്‍ക്ക് ഭൂമി സംബന്ധമായ എല്ലാ സംശയങ്ങളും ബന്ധപ്പെട്ട വില്ലേജുകളില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ സര്‍വ്വെ ക്യാമ്പ് ഓഫീസുകളിലെത്തി പരിഹരിക്കാന്‍ കഴിയുമെന്നും ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ഡിജിറ്റല്‍ സര്‍വ്വെ പൂര്‍ത്തിയായ നല്ലൂര്‍നാട് വില്ലേജിലെ ഡിജിറ്റല്‍ സര്‍വ്വെ റെക്കോര്‍ഡുകള്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ മാനന്തവാടി തഹസില്‍ദാര്‍ പി.യു സിത്താരയ്ക്ക് കൈമാറി. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ബാബു, സര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടര്‍ കെ ബാലകൃഷ്ണന്‍, ഡെപ്യൂട്ടി കളക്ടര്‍ എല്‍.ആര്‍ കെ. മനോജ് കുമാര്‍, റീസര്‍വ്വെ സൂപ്രണ്ട് മുഹമ്മദ് ഷെരീഫ്, ഹെഡ് സര്‍വെയര്‍ ജോഷി തോമസ്, ഹെഡ് ട്രാഫ്റ്റ്‌സ്മാന്‍ എം.പി അനീഷ്, നല്ലൂര്‍നാട് വില്ലേജ് ഓഫീസര്‍ പി.കെ മൈമൂന, ഹുസൂർ ശിരസ്തദാർ വി.കെ ഷാജി, റവന്യൂ, സര്‍വ്വെ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
