കുട്ടികളുടെ പ്രധാനമന്ത്രിയായി ആലപ്പുഴ സെന്റ് ജോസഫ്സ് എൽ പി ജി എസ്സിലെ നാലാം ക്ലാസ് വിദ്യാർഥിനി എം ഗൗരി നന്ദന തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ ശിശുക്ഷേമസമിതി നടത്തിയ എൽ പി വിഭാഗം മലയാളം പ്രസംഗ മത്സരത്തിൽ ഒന്നാമതായാണ് എം ഗൗരി നന്ദന തിരഞ്ഞെടുക്കപ്പെട്ടത്. തൃശൂർ റോയൽ എഞ്ചിനീയറിംഗ് കോളേജ് അധ്യാപകനായ ആലപ്പുഴ കാളാത്ത് പുതുക്കനാട്ട് വീട്ടിൽ മുരുഗേഷിന്റെയും ജ്യോതിയുടെയും മകളാണ്. 14 ന് നടക്കുന്ന ശിശുദിന റാലിക്ക് നേതൃത്വം നൽകും.
കുട്ടികളുടെ പ്രസിഡന്റായി മുഹമ്മ കെ പി മെമ്മോറിയൽ യുപി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർഥിനി എസ് ഗൗരി ലക്ഷ്മിയെ തിരഞ്ഞെടുത്തു. പറവൂർ പടവെട്ടിയിൽ വീട്ടിൽ സർക്കാർ ഉദ്യോഗസ്ഥനായ എസ് സനീഷിന്റെയും അധ്യാപികയായ എസ് പ്രശാരിയുടെയും മകളാണ്. യു പി വിഭാഗം മലയാളം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ഗൗരി ലക്ഷ്മി പ്രസിഡൻ്റായത്.
ജില്ലാ ശിശുക്ഷേമ സമിതി ശിശുദിനവുമായി ബന്ധപ്പെട്ട് നടത്തുന്ന വർണ്ണോത്സവത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ജവഹർ ബാലഭവനിൽ ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർവ്വഹിച്ചു. ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡൻ്റ് സി ശ്രീലേഖ അധ്യക്ഷയായി. എൽഎസ്ജിഡി ജോയിൻ്റ് ഡയറക്ടർ ബിൻസ് സി തോമസ്, എഡിസി ജനറൽ ആർ രജിത്ത്, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ ഡി ഉദയപ്പൻ, ജവഹർ ബാലഭവൻ ഡയറക്ടർ രാജശേഖരൻ, ജില്ലാ ശിശുക്ഷേമ സമിതി ട്രഷറർ കെ പി പ്രതാപൻ, ജോയിന്റ് സെക്രട്ടറി കെ നാസർ, എക്സിക്യൂട്ടീവ് അംഗം ടി എ നവാസ് തുടങ്ങിയവർ പങ്കെടുത്തു.
