വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി എല്ലാ മേഖലകളിലും സംസ്ഥാനം സമഗ്ര മുന്നേറ്റം കൈവരിച്ചുവെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ വികസന സദസും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
സാധാരണക്കാരെ എന്നും ചേർത്ത് പിടിക്കുന്ന സമീപനമാണ് സർക്കാരിനുള്ളത്. നിലവിൽ സാമൂഹിക ക്ഷേമ പെൻഷൻ ലഭിക്കാത്ത അന്ത്യോദയ അന്നയോജന, മുൻഗണന കുടുംബ വിഭാഗത്തിൽപ്പെട്ട 35 വയസ്സ് മുതൽ 60 വരെ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ പെൻഷൻ നൽകുന്ന ‘സ്ത്രീ സുരക്ഷ’ പെൻഷൻ പദ്ധതി ആരംഭിക്കാൻ തീരുമാനമായി.
നവംബർ മുതൽ ആനുകൂല്യങ്ങൾ ലഭ്യമാകും. 31.34 ലക്ഷം സ്ത്രീകൾക്ക് പദ്ധതി പ്രയോജനപെടും. ഇതിനായി 3,800 കോടി രൂപ വിനിയോഗിക്കും. പ്രതിവർഷം ഒരു ലക്ഷം രൂപയ്ക്ക് താഴെ കുടുംബ വരുമാനമുള്ള ഐടിഐ, ഡിപ്ലോമ, ഡിഗ്രി പഠനശേഷം വിവിധ നൈപുണ്യ കോഴ്സുകൾ പഠിക്കുന്നവരോ, മത്സര പരീക്ഷകളിൽ തയ്യാറെടുക്കുന്നവരോ ആയ 18 മുതൽ 30 വയസ്സുവരെ പ്രായമുള്ള യുവതി- യുവാക്കൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന കണക്ട് ടു വർക്ക് സ്കോളർഷിപ്പ് ആരംഭിക്കും. പദ്ധതി വഴി അഞ്ചു ലക്ഷം പേർക്ക് പ്രയോജനം ലഭിക്കും. 600 കോടി രൂപ പദ്ധതിക്കായി വിനിയോഗിക്കും. കുടുംബശ്രീ എഡിഎസുകൾക്ക് പ്രവർത്തന ഗ്രാൻഡായി ആയിരം രൂപ നൽകുമെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യ ക്ഷേമ പെൻഷൻ നവംബർ ഒന്ന് മുതൽ 2000 രൂപയായി ഉയർത്തും.
അംഗനവാടി ജീവനക്കാർക്ക് പ്രതിമാസ ഓണറേറിയം ആയിരം രൂപയായി വർദ്ധിപ്പിച്ചു. അതിനായി 80 കോടി രൂപ ചെലവഴിക്കും. സാക്ഷരത പ്രേരക്മാരുടെ ഓണറേറിയം പ്രതിമാസം 3,000 രൂപയായി ഉയർത്തി. ആശ ജീവനക്കാരുടെ ഓണറേറിയവും ആയിരം രൂപ വർദ്ധിപ്പിച്ചു. 31.35 കോടി രൂപ ഇതിനായി നീക്കിവയ്ക്കും. റബറിന്റെ താങ്ങു വില 200 രൂപയായി ഉയർത്തി. പാചക തൊഴിലാളികളുടെ പ്രതിദിനകൂലി 50 രൂപയായി വർദ്ധിപ്പിച്ചു. പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും പ്രതിമാസ വേതനത്തിൽ ആയിരം രൂപ വർദ്ധിപ്പിച്ചതായും മന്ത്രി പറഞ്ഞു.
കടയ്ക്കൽ ടൂറിസം ശിലാസ്ഥാപനം, മൈതാനം, സ്മാർട്ട് കൃഷിഭവൻ, ബഡ്സ് സ്കൂൾ എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവും കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ വെബ് പോർട്ടലിന്റെ സ്വിച്ച് ഓൺ കർമ്മവും മന്ത്രി നിർവഹിച്ചു. ക്യാൻസർ രോഗികൾക്ക് ഭക്ഷ്യ കിറ്റ് വിതരണവും നടത്തി. ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ ഉൾക്കൊള്ളുന്ന വികസനരേഖയും പ്രകാശനം ചെയ്തു.
എംഎൽഎ ഫണ്ടിൽ നിന്നും 1.50 കോടി രൂപ ചെലവഴിച്ചാണ് മൈതാനവും ബഡ്സ് സ്കൂളും ഒരുക്കുന്നത്. പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ നിന്നും നാല് ലക്ഷം രൂപ വിനിയോഗിച്ചാണ് വെബ് പോർട്ടൽ സംവിധാനം ഒരുക്കിയത്. 1.32 കോടി രൂപ ചെലവിലാണ് സ്മാർട്ട് കൃഷിഭവൻ നിർമ്മിക്കുക.
പഞ്ചായത്തിൽ ലൈഫ് പദ്ധതിയിലൂടെ 222 പേർക്ക് വീട് നിർമ്മിച്ചു നൽകി. ഭൂ- ഭവനരഹിതരായ 72 പേർക്ക് വസ്തുവും വീടും നൽകി. ഗ്രാമപഞ്ചായത്തിലെ വരൾച്ചാബാധിത പ്രദേശത്ത് കുടിവെള്ളം എത്തിക്കുന്നതിനായി പ്രതിവർഷം അഞ്ചു ലക്ഷം രൂപ വിനിയോഗിക്കുന്നു. പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് കടയ്ക്കൽ ടൂറിസം പദ്ധതി നടപ്പാക്കുന്നതെന്നും സദസിൽ വ്യക്തമാക്കി.കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.മനോജ് കുമാർ അധ്യക്ഷനായി.
