“ഈ പാലമായിരുന്നു ഞങ്ങളുടെ വീട്. കാറ്റും മഴയും വെള്ളപ്പൊക്കവുമെല്ലാം ഏറ്റ്, ഓർമ്മവച്ച നാളുമുതൽ ഇതിന്റെ അടിയിലാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്..” വെളിയനാട് പഞ്ചായത്തിലെ കിടങ്ങറ പാലത്തിനരികിൽ നിന്ന് കഴിഞ്ഞുപോയ കഠിനകാലത്തിന്റെ ഓർമ്മകൾ പങ്കുവെക്കുമ്പോൾ സുരക്ഷിതമായൊരു ജീവിതം ഉറപ്പായതിന്റെ സന്തോഷവും ആത്മവിശ്വാസവും ആയിരുന്നു മഹേഷിന്റെ വാക്കുകളിൽ.

ഒക്ടോബർ 31 ന് ആലപ്പുഴ ജില്ല അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കപ്പെടുമ്പോൾ ദുരിത നാളുകളെ പഴങ്കഥയാക്കി ആത്മവിശ്വാസത്തോടെ ചുവടുവെക്കുന്നവർ ആയിരങ്ങളുണ്ട് ജില്ലയിൽ. ദാരിദ്ര്യം ഓരത്തേക്ക് തള്ളിമാറ്റിയ ജില്ലയിലെ മൂവായിരത്തിലധികം കുടുംബങ്ങളിലാണ് അതിദാരിദ്ര്യമുക്ത കേരളം എന്ന സംസ്ഥാന സർക്കാരിൻ്റെ അഭിമാന പദ്ധതി പുഞ്ചിരി വിരിയിക്കുന്നത്.

അതിദാരിദ്ര്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി വെളിയനാട് പഞ്ചായത്ത് നടത്തിയ അതി ദരിദ്രരുടെ കണക്കെടുപ്പിൽ ഉൾപ്പെട്ടതോടെയാണ് മഹേഷിന്റെയും കുടുംബത്തിന്റെയും ജീവിതം മാറിയത്. ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥർ എത്തുമ്പോൾ പാലത്തിനടിയിലെ ഷീറ്റ് വലിച്ചു കെട്ടിയ ചെറിയ കൂരയിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്ന അമ്മയ്ക്കൊപ്പം നിത്യവൃത്തിക്ക് പോലും വഴിയില്ലാതെ കഴിയുകയായിരുന്നു മഹേഷും ഭാര്യ വനിതയും. സ്വന്തം പേരിൽ രേഖകളൊന്നും ഇല്ലാതിരുന്ന കുടുംബത്തിനായി തിരിച്ചറിയൽ രേഖകളും എ.എ.വൈ റേഷൻ കാർഡും അതിവേഗത്തിൽ അനുവദിച്ച് നൽകിയതിനോടൊപ്പം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സുരക്ഷിതമായൊരു വാടക വീട് കണ്ടെത്തി അങ്ങോട്ട് താമസവും മാറ്റി നൽകി. തുടർന്ന് പഞ്ചായത്തിന്റെ തന്നെ സ്ഥലത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടിനുള്ള സഹായവും അനുവദിച്ചു നൽകി. നാലാം വാർഡിലെ കുമരങ്കരി പ്രദേശത്ത് നിർമ്മിക്കുന്ന വീടിന്റെ പണികൾ അതിവേഗം പുരോഗമിക്കുകയാണ്. ഒപ്പം കുടുംബശ്രീയുടെ ഉജ്ജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി മഹേഷിന്റെ ഉപജീവനമാർഗ്ഗമായിരുന്ന കറിക്കത്തി കച്ചവടം മികച്ച രീതിയിൽ നടത്തുവാനുള്ള ധനസഹായവും അനുവദിച്ചു നൽകി. കൈക്ക് സ്വാധീനക്കുറവ് ഉണ്ടായിരുന്ന മഹേഷിന് ഭിന്നശേഷി പെൻഷനും അമ്മയ്ക്ക് വാർദ്ധക്യകാല പെൻഷനും ഭാര്യയ്ക്ക് തൊഴിലുറപ്പ് പദ്ധതി വഴി ജോലിയും നൽകിക്കൊണ്ട് കുടുംബത്തെ പഞ്ചായത്തും സർക്കാരും ചേർത്തു നിർത്തി.

“അടച്ചുറപ്പുള്ളൊരു വീടും മാന്യമായ വരുമാന മാർഗ്ഗവുമെല്ലാം ജീവിതത്തിൽ ഒരിക്കലും കിട്ടില്ലെന്ന് കരുതിയ കാര്യങ്ങളാണ്. കാറ്റും മഴയും വെള്ളപ്പൊക്കവും ഒന്നും പേടിക്കാതെ, കള്ളന്മാരെ ഭയക്കാതെ ഇനിയുള്ള കാലം ഞങ്ങൾക്ക് ജീവിക്കാൻ വീടും സഹായങ്ങളും തന്ന ഈ സർക്കാരിനോടും പഞ്ചായത്തിനോടും എത്രതന്നെ നന്ദി പറഞ്ഞാലും മതിയാകില്ലെന്ന്” മഹേഷും ഭാര്യയും പറയുന്നു.