മുണ്ടേരി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരോട് പൊതുജന വായനശാലയുടെയും സാംസ്‌കാരിക നിലയത്തിന്റെയും പുതിയ കെട്ടിടത്തിന് മ്യൂസിയം, രജിസ്‌ട്രേഷൻ, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തറക്കല്ലിട്ടു. മുൻ എം പി കെ കെ രാഗേഷ് അധ്യക്ഷനായി.
റവന്യു വകുപ്പ് അനുവദിച്ച അഞ്ചു സെന്റ് ഭൂമിയിൽ എം എൽ എ യുടെ ആസ്തി വികസന ഫണ്ട് 96 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. പുതുതായി നിർമ്മിക്കുന്ന സാംസ്‌കാരിക നിലയത്തിൽ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിലുള്ള പൊതുജന വായനശാലയും ഗ്രന്ഥാലയവും പ്രവൃത്തിക്കും. ഇതോടൊപ്പം ഡിജിറ്റൽ സാങ്കേതിക സൗകര്യങ്ങളുള്ള മിനി ഹാളും ഓഫീസ് റൂമുമുണ്ടാകും.
പരിപാടിയോട് അനുബന്ധിച്ച് സംസ്ഥാന കായികമേളയിൽ നെടുവടി പയറ്റ് സീനിയർ ഗേൾസ് വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പൗര സ്വീകരണവും നെടുവടി പയറ്റ് പ്രദർശനവും നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരി, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പ്രമീള, കണ്ണൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ടി ശശി എന്നിവർ മുഖ്യാതിഥികളായി. പദ്ധതി നിർവഹണ കമ്മിറ്റി ചെയർമാൻ പി പി ബാബു, ആർക്കിടെക്ട് ഫാമി അബ്ദുള്ള എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ അനീഷ, വൈസ് പ്രസിഡന്റ് എ പങ്കജാക്ഷൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം കെ മുംതാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ബിന്ദു, ഗ്രാമപഞ്ചായത്ത് അംഗം പി അഷ്‌റഫ്, മുണ്ടേരി പഞ്ചായത്ത് സെക്രട്ടറി ബി ദിലീപ്, വായനശാല സെക്രട്ടറി കെ വി രതീശൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധി പി ചന്ദ്രൻ എന്നിവർ സംസാരിച്ചു.
