മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി മുളളരിങ്ങാട് മേഖലയില്‍ എന്‍എല്‍പി സ്‌കൂളിനു സമീപം 400 മീറ്റര്‍ എഐ അധിഷ്ഠിത ഫെന്‍സിംഗ് നിര്‍മ്മിക്കുന്നതിന് അനുമതി ലഭ്യമാക്കണമെന്ന അപേക്ഷയില്‍ റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാൻ തീരുമാനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം ഉറപ്പാക്കുന്നതിനായി രൂപീകരിച്ച ഇടുക്കി ജില്ലാതല സമിതിയുടെ യോഗത്തിലാണ് തീരുമാനം.

മാതൃകാ പെരുമാറ്റച്ചട്ടം ജില്ലാതല സമിതി ചെയര്‍മാനും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ ജില്ലാ കളക്ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ വിവിധ വകുപ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭ്യമാക്കുന്നതിനുള്ള അപേക്ഷകള്‍ പരിഗണിച്ചു.

900 മീറ്ററില്‍ ബ്ലാവുടി മുതല്‍ എന്‍എല്‍പി സ്‌കൂള്‍ വരെ നിര്‍മ്മിക്കുന്ന സോളാര്‍ ഹാംഗിംഗ് ഫെന്‍സിംഗ് നിര്‍മ്മിക്കുന്നതിന് പോളിംഗ് ബൂത്തിനെ ബാധിക്കുന്നതാണെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാൻ യോഗം തീരുമാനിച്ചു.

ചുള്ളിക്കണ്ടം ചെക്ക് പോസ്റ്റ്- പനംകുഴി സ്‌ട്രെച്ചിലെ 1.5 കിലോമീറ്റര്‍ സോളാര്‍ ഫെന്‍സിംഗ് നിര്‍മ്മാണം ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടില്ലാത്തതിനാല്‍ തിരഞ്ഞെടുപ്പിന് ശേഷം തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നും യോഗം തീരുമാനിച്ചു.

മണക്കാട് വില്ലേജില്‍ കരിങ്കല്‍ ക്വാറി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തേണ്ട പബ്ലിക് ഹിയറിംഗിന് നോട്ടീസ് പുറപ്പെടുവിക്കാമെന്നും തിരഞ്ഞെടുപ്പിനു ശേഷം ഹിയറിംഗ് നടത്താനും യോഗം തീരുമാനിച്ചു.

ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ട്രീസ ജോസഫ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. പ്രമോദ് കുമാര്‍, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുജ വർഗീസ്  തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.