ഖാദി മേഖലയിൽ  1700 ഓളം പേർക്ക് പുതുതായി തൊഴിലവസരം ലഭ്യമാക്കിയിട്ടുണ്ടെന്നും ഇപ്പോൾ നിലവിൽ ഖാദി ക്ഷേമനിധി ബോർഡിലെ അംഗത്വ പ്രകാരം 14733  തൊഴിലാളികൾ ഖാദിമേഖലയിൽ ജോലി ചെയ്തുവരുന്നുണ്ടെന്നും വ്യവസായമന്ത്രി ഇ.പി ജയരാജൻ നിയമസഭയിൽ അറിയിച്ചു. ഖാദി തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച മിനിമം കൂലി പരിഷ്‌കരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സി. കൃഷ്ണന് എം.എൽ.എ ഉന്നയിച്ച സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.
അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ പുതിയ ഖാദി ഉൽപ്പാദന യൂണിറ്റുകൾ, പുതിയ റെഡിമെയ്ഡ് പാവ് നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കുകയും, തൊഴിലാളികൾക്ക് ആവശ്യമായ ചർക്കകളും തറികളും വിതരണം ചെയ്തു വരികയുമാണ്. തൊഴിലാളികളുടെ ഉത്സവബത്ത തൊള്ളായിരത്തിൽ നിന്നും ആയിരത്തഞ്ഞൂറായി ഈ സർക്കാർ വർധിപ്പിച്ചു നൽകി. സംസ്ഥാന സർക്കാർ സംസ്ഥാനത്തെ ഖാദി തൊഴിലാളികളുടെ മിനിമം വേതനം ആഗസ്റ്റ് ആറുമുതൽ പ്രാബല്യം നൽകി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 26 മേഖലകളിലെ പതിനഞ്ചു ലക്ഷത്തിൽ അധികംവരുന്ന തൊഴിലാളികളുടെ മിനിമം വേതനം പരിഷ്‌കരിച്ചു നൽകി.
ഖാദി തൊഴിലാളികൾക്ക് പുതുക്കിയ നിരക്കനുസരിച്ചു പീസ് റേറ്റ് വിഭാഗം തൊഴിലാളികൾക്ക് നിലവിലുള്ള 266.30 രൂപ യിൽ നിന്നും 400.60 രൂപയായും ദിവസവേതന തൊഴിലാളികൾക്ക് 283.46 രൂപയിൽ നിന്നും 425 രൂപയായും വർദ്ധിക്കും. അടിസ്ഥാന വേതനത്തിന് പുറമെ ജീവിതവിലസൂചികയുടെ അടിസ്ഥാനത്തിൽ എല്ലാ വിഭാഗം തൊഴിലാളികൾക്കും ക്ഷാമബത്തക്കും അർഹത ഉണ്ടായിരിക്കും. ഇതുവഴി മാസ ശമ്പളക്കാരുടെ കുറഞ്ഞ  വേതനം 5214.50 രൂപയിൽ നിന്നും 11098 രൂപയായി വർധിക്കും. മാസ ശമ്പളക്കാർക്കു 112.85 ശതമാനവും പീസ് റേറ്റ്  തൊഴിലാളികൾക്ക്  52.71 ശതമാനവും, ദിവസവേതനക്കാർക്കു 49.90 ശതമാനവുമാണ് വർധന ഉണ്ടായിട്ടുള്ളത്.
സ്ഥാപനങ്ങളെ വിറ്റുവരവിന്റെ അടിസ്ഥാനത്തിൽ മൂന്നു കാറ്റഗറിയായി തിരിച്ചാണ് മാസവേതനം നിശ്ചയിക്കുന്നത്. ഏഴര കോടിക്ക്  മുകളിൽ വിറ്റുവരവുള്ള സ്ഥാപനങ്ങൾ ‘എ’ വിഭാഗത്തിലും, ഒന്നര കോടി മുതൽ ഏഴര കോടിവരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾ ‘ബി’ വിഭാഗത്തിലും, ഒന്നര കോടിവരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾ ‘സി’ വിഭാഗത്തിലും ഉൾപ്പെടുന്നു. അഞ്ചുവർഷമോ അതിൽ കൂടുതലോ സേവനകാലം ഒരു തൊഴിലുടമയുടെ കീഴിൽ പൂർത്തിയാക്കിയ തൊഴിലാളിക്ക് പൂർത്തിയാക്കിയ ഓരോ അഞ്ചുവർഷത്തേക്കും ഒരു ഇൻക്രിമെന്റ് എന്നനിലയിൽ പരമാവധി മൂന്ന് ഇൻക്രെമെന്റ് സർവീസ് വെയിറ്റേജ് അനുവദിക്കാനും ശുപാർശ ചെയ്തിട്ടുണ്ട്.
ഖാദി കമ്മീഷൻ പ്രഖ്യാപിച്ച  കോസ്‌ററ് ചാർട്ട് പ്രകാരമുള്ള വേതനവും പരിഷ്‌കരിച്ച മിനിമംവേതനവും തമ്മിൽ വലിയ അന്തരം നിലനിൽക്കുകയാണ്. സർക്കാർ ഇൻകം സപ്പോർട്ട് പദ്ധതി പ്രകാരം നൽകിവരുന്ന തുക ഉപയോഗിച്ചാണ് നിലവിൽ ഖാദി തൊഴിലാളികൾക്ക്  മിനിമം വേതനം ലഭ്യമാക്കുന്നത്.  ഈ സർക്കാർ 2016-17 മുതൽ ഇതേവരെയായി ഇൻകം സപ്പോർട്ട്  ഇനത്തിൽ 75.94 കോടി രൂപയും പ്രൊഡക്ഷൻ ഇൻസെന്റീവ് ഇനത്തിൽ 11.24 കോടി രൂപയും അനുവദിച്ചു നൽകിയിട്ടുണ്ട്. 2018 ജൂലൈ മാസം വരെയുള്ള മിനിമം വേതനം നിലവിലുള്ള നിരക്കിൽ തൊഴിലാളികൾക്ക് നൽകി. പരിഷ്‌കരിച്ച നിരക്കിൽ മിനിമം വേതനം തൊഴിലാളികൾക്ക് നൽകുന്നതിന് സർക്കാർ ഖാദി ബോർഡുമായും ഇതര ഖാദി സ്ഥാപനങ്ങളുമായും ആലോചിച്ചു നടപടികൾ സ്വീകരിക്കും.
വിജ്ഞാനപ്രകാരമുള്ള മിനിമം വേതനം ഖാദി മേഖലയിലെ എല്ലാ തൊഴിലാളികൾക്കും ഉറപ്പുവരുത്താൻ ഖാദി ബോർഡും മറ്റിതര ഖാദി സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്. ഈ കാര്യം ഉറപ്പുവരുത്താനായി തൊഴിൽ വകുപ്പ് മുഖേന ഖാദി സ്ഥാപന പരിശോധനകളും വീഴ്ച  വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പരാതിയുടെ അടിസ്ഥാനത്തിൽ  നോട്ടീസ് നൽകി ക്ലെയിം പെറ്റീഷൻ ഫയൽ ചെയ്യുന്നതുൾപ്പെടെയുള്ള നിയമപരമായ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.