മലപ്പുറം ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
നഗരസഭകളിൽ ചുമതലയേറ്റവർ:
തിരൂരങ്ങാടി നഗരസഭയിൽ 40 അംഗ ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരൂരങ്ങാടി മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിൽ നടന്ന ചടങ്ങിൽ റിട്ടേണിങ് ഓഫിസറായ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ.കെ. ശശി കുമാർ മുതിർന്ന അംഗം എം.പി. ഹംസക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റു 39 അംഗങ്ങളുടെയും സത്യപ്രതിജ്ഞയും നടന്നു. ചടങ്ങിൽ കെ.പി.എ മജീദ് എംഎൽഎ, മുൻ എംഎൽഎ പി.എം.എ സലാം, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ശേഷം നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് ആദ്യ കൗൺസിൽ യോഗവും ചേർന്നു.
പെരിന്തൽമണ്ണ നഗരസഭയിലേക്ക് വിജയിച്ച 37 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. പെരിന്തൽമണ്ണ മുനിസിപ്പൽ ടൗൺഹാളിൽ നടന്ന പരിപാടിയിൽ കുളിർമല ഡിവിഷനിൽ നിന്നുള്ള മുതിർന്ന അംഗം പ്രൊഫ. നാലകത്ത് മുഹമ്മദ് ബഷീറിന് റിട്ടേണിംഗ് ഓഫിസർ ആയ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം. ഗിരീഷ് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. മുഹമ്മദ് ബഷീർ മറ്റു അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പൊന്നാനി നഗരസഭയിൽ 53 അംഗ ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു. പൊന്നാനി നഗരസഭ ഹാളിൽ നടന്ന ചടങ്ങിൽ റിട്ടേണിങ് ഓഫീസറായ തിരൂർ വിദ്യാഭ്യാസ ഓഫീസർ സുജിത മുതിർന്ന അംഗമായ നാൽപത്തി രണ്ടാം വാർഡായ കനോലിയിൽ നിന്നും വിജയിച്ച സി. ഗംഗാധരന് സത്യവാചകം ചൊല്ലി കൊടുത്തു. തുടർന്ന് ഗംഗാധരൻ മറ്റ് 52 അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ശേഷം നടന്ന കൗൺസിൽ യോഗത്തിൽ സി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു
തിരൂർ നഗരസഭയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 40 അംഗങ്ങൾ ചുമതലയേറ്റു. തിരൂർ ടൗൺ ഹാളിൽ വെച്ച് വരണാധികാരി ഭൂജല വകുപ്പ് ജില്ലാ ഓഫീസർ എച്ച്.ഒ. രതീഷ് മുതിർന്ന അംഗമായ തുഞ്ചൻപറമ്പ് വാർഡിൽ നിന്നും വിജയിച്ച അഡ്വ. വി. ചന്ദ്രശേഖരന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മറ്റ് അംഗങ്ങള്‍ക്ക് മുതിർന്ന അംഗം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് വി. ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ അംഗങ്ങളുടെ യോഗവും ചേർന്നു.
വളാഞ്ചേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 36 ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ സി.എച്ച്. അബു യുസഫ് ഗുരുക്കൾ സ്മാരക മുനിസിപ്പൽ ടൌൺ ഹാളിൽ വെച്ച് നടന്നു.വരണാധികാരിയായ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചറൽ ജാനറ്റ് ഡാനിയൽ വളാഞ്ചേരി വാർഡിൽ നിന്നും വിജയിച്ച മുതിർന്ന അംഗം ചേരിയിൽ രാമകൃഷ്ണന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുതിർന്ന അംഗം മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുനിസിപ്പൽ കൗൺസിൽ ഹാളിൽ വെച്ച് ചേരിയിൽ രാമകൃഷ്ണന്റെ അധ്യക്ഷതയിൽ യോഗവും ചേർന്നു.
മഞ്ചേരി നഗരസഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ട 53 ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു. ചുള്ളക്കാട് ഗവ. യുപി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ മഞ്ചേരി വരണാധികാരി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ പി.വി. റഫീഖ് ഏറ്റവും പ്രായംകൂടിയ അംഗം വീമ്പൂർ വാർഡിൽ നിന്ന് വിജയിച്ച വി.കെ. സുന്ദരന് സത്യവാചകം ചൊല്ലി കൊടുത്തു. തുടർന്ന് മറ്റ് അംഗങ്ങൾക്ക് മുതിർന്ന അംഗം സത്യവാചകം ചൊല്ലി കൊടുത്തു. ചടങ്ങിൽ യു.എ. ലത്തീഫ് എം.എൽ.എ പങ്കെടുത്തു. സത്യപ്രതിജ്ഞക്ക് ശേഷം മഞ്ചേരി മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ വി.കെ. സുന്ദരന്റെ അധ്യക്ഷതയിൽ കൗൺസിൽ യോഗം ചേർന്നു.
നിലമ്പൂർ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 36 ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു. നിലമ്പൂർ നഗരസഭ വരണാധികാരി ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.വി. ഷാജു ഏറ്റവും പ്രായംകൂടിയ അംഗമായ രണ്ടാം വാർഡിൽനിന്ന് വിജയിച്ച പത്മിനി ഗോപിനാഥിന് സത്യവാചകം ചൊല്ലി കൊടുത്തു. തുടർന്ന് മറ്റ് അംഗങ്ങൾക്ക് മുതിർന്ന അംഗം സത്യവാചകം ചൊല്ലി കൊടുത്തു.
കോട്ടക്കൽ നഗരസഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ട 35 ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു. കോട്ടക്കൽ മുൻസിപ്പൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വരണാധികാരി ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) വി.ടി ഘോലി മുതിർന്ന അംഗം മൈത്രി നഗർ അഞ്ചാം വാർഡിൽ നിന്ന് വിജയിച്ച കൃഷ്ണകുമാർ എടപ്പരുത്തിക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് മുതിർന്ന അംഗം മറ്റു അംഗങ്ങൾക്കും സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. ചടങ്ങിൽ എം.പി അബ്ദുസ്സമദ് സമദാനി, കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ, എ.ആർ.ഒ മുഹമ്മദ് അബ്ദുൽ റഷീദ് തുടങ്ങിയവർ പങ്കെടുത്തു.
താനൂർ നഗരസഭയിൽ 45 അംഗ ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറി. നഗരസഭയ്ക്ക് സമീപം നടന്ന ചടങ്ങിൽ ഓഫീസറായ സബ് കളക്ടർ ദിലീപ് കൈനിക്കര മുതിർന്ന അംഗമായ പന്ത്രണ്ടാം വാർഡായ പനങ്ങാട്ടൂരിൽ നിന്നും വിജയിച്ച അബ്ദുമോൻ ഹാജിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അബ്ദുമോൻ ഹാജി മറ്റ് 44 അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. നഗരസഭാ ഉപവരണാധികാരികളായ താനൂർ മുൻസിപ്പാലിറ്റി സൂപ്രണ്ട് പ്രമോദ്, അസിസ്റ്റന്റ് എൻജിനീയർ പ്രജിത്ത് തുടങ്ങിയവർ സംബന്ധിച്ചു. കൂടാതെ നഗരസഭ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ആദ്യ യോഗം ചേർന്നു.
മലപ്പുറം നഗരസഭയിലെ ഭരണസമിതി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വരണാധികാരിയായ പട്ടികജാതി വികസന ഓഫീസർ കെ.പി ഷാജി മുതിർന്ന അംഗമായ മൂന്നാംപടി ഡിവിഷനിൽ നിന്നും വിജയിച്ച കെ.വി ഗീതയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു . തുടർന്ന് കെ.വി ഗീത അംഗം മറ്റ് 44 അംഗങ്ങൾക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പരപ്പനങ്ങാടി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 46 ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ നഗരസഭയ്ക്ക് അടുത്തുള്ള ഗ്രൗണ്ടിൽ വെച്ച് നടന്നു. 31 ഡിവിഷനിൽ നിന്നും വിജയിച്ച മുതിർന്ന അംഗം ഉണ്ണികൃഷ്ണന് വരണാധികാരിയായ മലപ്പുറം ടൗൺ പ്ലാനിങ് ഓഫീസർ എൽ.ജെ. റെനി സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. ശേഷം മുതിർന്ന അംഗം മറ്റ് അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ മുൻ എംഎൽഎ പി.കെ. അബ്ദുറബ്ബ് മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
കൊണ്ടോട്ടി നഗരസഭയിലേക്ക് വിജയിച്ച 41 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. കൊണ്ടോട്ടി നഗരസഭ പരിസരത്തു നടന്ന പരിപാടിയിൽ കോട്ടപ്പറമ്പ് ഡിവിഷനിൽ നിന്നുള്ള മുതിർന്ന അംഗം – സി. കാരിക്കുട്ടിക്ക് റിട്ടേണിംഗ് ഓഫിസറായ ജില്ലാ രജിസ്ട്രാർ കെ പി ഗിരീഷ് കുമാർ സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. മറ്റു അംഗങ്ങൾക്ക് സി. കാരിക്കുട്ടി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
