മലപ്പുറം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. അംഗങ്ങളിൽ ഏറ്റവും മുതിര്‍ന്ന ആളാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.

വേങ്ങര ബ്ലോക്ക് പഞ്ചായത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വരണാധികാരിയായ എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ നാജില ഉബൈദുള്ള ഏറ്റവും പ്രായം കൂടിയ അംഗമായ കച്ചേരിപ്പടി ഡിവിഷനിലെ പതിനഞ്ചാം വാർഡിൽ നിന്നും വിജയിച്ച അബ്ദുൽ മജീദിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് അദ്ദേഹം 18 അംഗങ്ങൾക്കും സത്യവാചകം ചൊല്ലി കൊടുത്തു. ശേഷം അബ്ദുൽ മജീദിന്റെ അധ്യക്ഷതയിൽ ആദ്യ യോഗവും ചേർന്നു.

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൽ 13 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ വരണാധികാരിയായ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി ആഷിക് ബാബു മുതിർന്ന അംഗമായ വെളിയങ്കോട് ഡിവിഷനിൽ നിന്നും വിജയിച്ച ടി.എം സിദ്ദിഖിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ടി.എം. സിദ്ദീഖ് മറ്റ് 12 അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. 14 ഡിവിഷനുള്ള ബ്ലോക്കിൽ പനമ്പാട് ഡിവിഷനിലെ സ്ഥാനാർത്ഥി ഒഴികെയുള്ള മറ്റ് അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്തത്. ശേഷം മുതിർന്ന അംഗത്തിന്റെ അധ്യക്ഷതയിൽ പ്രഥമയോഗവും നടന്നു.

മങ്കട ബ്ലോക്ക് പഞ്ചായത്തിൽ 15 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ വരണാധികാരി ഡെപ്പ്യൂട്ടി കളക്ടർ (ആർ.ആർ ) ലത മുതിർന്ന അംഗമായ വടക്കാങ്ങര ഡിവിഷൻ അഞ്ചാം വാർഡിൽ നിന്നും വിജയിച്ച മുഹമ്മദ് ഹനീഫ പെരിഞ്ചേരിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് മുതിർന്ന അംഗം മറ്റ് അംഗങ്ങൾക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞക്ക് ശേഷം പ്രഥമ കൗൺസിൽ യോഗം ബ്ലോക്ക് പഞ്ചായത്ത് മീറ്റിങ് ഹാളിൽ നടന്നു.

പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലെ 19 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ വരണാധികാരി കോ-ഓപ്പറേറ്റീവ് ഡിപ്പാർട്മെന്റ് ജോയിന്റ് റെജിസ്ട്രാർ സുരേന്ദ്രൻ ചെമ്പ്ര മുതിർന്ന അംഗമായ നെന്മിനി ഡിവിഷൻ ഒന്നാം വാർഡിൽ നിന്നും വിജയിച്ച പി. രാധാകൃഷ്ണന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു . തുടർന്ന് മുതിർന്ന അംഗം മറ്റ് അംഗങ്ങൾക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

നിലമ്പൂർ ബ്ലോക്കിലേക്ക് തെരഞ്ഞടുക്കപ്പെട്ട 15 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. നിലമ്പൂർ ബ്ലോക്ക് വരണാധികാരി നിലമ്പൂർ നോർത്ത് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ പി. ധനേഷ് കുമാർ ഏറ്റവും പ്രായംകൂടിയ അംഗമായ പത്താം വാർഡിൽ നിന്ന് വിജയിച്ച റോസമ്മ ടീച്ചർക്ക് സത്യവാചകം ചൊല്ലി കൊടുത്തു. തുടർന്ന് മറ്റ് അംഗങ്ങൾക്ക് മുതിർന്ന അംഗം സത്യവാചകം ചൊല്ലി കൊടുത്തു.

പൊന്നാനി ബ്ലോക്ക് പഞ്ചായത്തിലെ പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ബി.ഡി.ഒ മഞ്ജുഷ സ്വാഗതം ആശംസിച്ചു. റിട്ടേണിംഗ് ഓഫീസർ ആയ കയർ പ്രോജക്ട് ഓഫീസർ ദീപു ശിവരാജ് മുതിർന്ന അംഗമായ കോലളമ്പ് ഡിവിഷനിൽ നിന്ന് വിജയിച്ച അബ്ദുൾ നാസർ പാട്ടറമ്പിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു . തുടർന്ന് മുതിർന്ന അംഗം മറ്റ് 13 അംഗങ്ങൾക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് അബ്ദുൾ നാസർ പാട്ടറമ്പിന്റെ അധ്യക്ഷതയിൽ അംഗങ്ങൾ യോഗവും ചേർന്നു.

താനൂർ ബ്ലോക്ക് പഞ്ചായത്തിലെ പുതുതായി തെരഞ്ഞടുക്കപ്പെട്ട 17 അംഗങ്ങളുടെ സത്യപ്രതിജ്ഞ ബ്ലോക്ക് ഓഫീസ് മുറ്റത്ത് സജ്ജമാക്കിയ വേദിയിൽ വെച്ച് നടന്നു. വരണാധികാരി മലപ്പുറം മൈനർ ഇറിഗഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.ടി. ഷാജഹാൻ കബീർ കടുങ്ങാത്തുകുണ്ട് ഡിവിഷനിൽ നിന്നും വിജയിച്ച മുതിർന്ന അംഗം നാരായണൻ കളത്തിൽപടിക്ക്‌ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മറ്റ് അംഗങ്ങള്‍ക്ക് നാരായണൻ കളത്തിൽപടി സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മുതിർന്ന അംഗത്തിന്റെ അധ്യക്ഷതയിൽ അംഗങ്ങളുടെ യോഗവും ചേർന്നു.

അരീക്കോട് ബ്ലോക്ക് പഞ്ചായത്തിൽ 19 അംഗങ്ങൾ സത്യപ്രതിജ്ഞ ചൊല്ലി. ബ്ലോക്ക് പഞ്ചായത്ത്‌ അങ്കണത്തിൽ നടന്ന പരിപാടിയിൽ മുതിർന്ന അംഗം കീഴുപറമ്പ് ഡിവിഷനിലെ എം.കെ കുഞ്ഞുമുഹമ്മദിനു റിട്ടേണിങ് ഓഫീസറായ പോവർട്ടി അലീവിയേഷൻ യൂണിറ്റ് പ്രൊജക്റ്റ്‌ ഡയറക്ടർ പി.ബി ഷാജു സത്യവാചകം ചൊല്ലികൊടുത്തു. കുഞ്ഞുമുഹമ്മദ് മറ്റു അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലേക്ക് വിജയിച്ച അംഗങ്ങൾ പ്രതിജ്ഞയെടുത്തു. റിട്ടേണിങ് ഓഫീസറായ ജില്ലാ സപ്ലൈ ഓഫിസർ എ. സജാദ്
പൂക്കാട്ടിരി ഡിവിഷനിൽ നിന്നുള്ള മുതിര്‍ന്ന അംഗം അബ്ദുൽ റഷീദ് കിഴിശ്ശേരിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മറ്റു അംഗങ്ങൾക്ക് അബ്ദുൽ റഷീദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്തിലെ 17 അംഗങ്ങളും പ്രതിജ്ഞയെടുത്തു. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ ബി.ഡി.ഒ രാജീവ്‌, ബ്ലോക്ക് ജീവനക്കാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിൽ 18 അംഗങ്ങൾ സത്യപ്രതിജ്ഞ ചൊല്ലി. ബ്ലോക്ക് പഞ്ചായത്ത്‌ അങ്കണത്തിൽ നടന്ന പരിപാടിയിൽ മുതിർന്ന അംഗം പള്ളിക്കൽ ഡിവിഷനിലെ വി.പി. അബ്‌ദുൾ ഷുക്കൂറിന് റിട്ടേണിങ് ഓഫീസറായ മലപ്പുറം പി.ഡബ്ലി.യു.ഡി ബിൽഡിങ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കെ. മുഹമ്മദ് ഇസ്മായിൽ സത്യവാചകം ചൊല്ലികൊടുത്തു. തുടർന്ന് വി.പി. അബ്‌ദുൾ ഷുക്കൂർ മറ്റു അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കാളികാവ് ബ്ലോക്ക് പഞ്ചായത്തിൽ 15 അംഗങ്ങൾ സത്യപ്രതിജ്ഞ ചൊല്ലി. ബ്ലോക്ക് പഞ്ചായത്ത്‌ അങ്കണത്തിൽ നടന്ന പരിപാടിയിൽ മുതിർന്ന അംഗം അമരമ്പലം ഡിവിഷനിലെ കേമ്പിൽ രവിക്ക് റിട്ടേണിങ് ഓഫീസറായ പി.ഡബ്ല്യു.ഡി ദേശീയപാത വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ സി.എച്ച്. അബ്ദുൽ ഗഫൂർ സത്യവാചകം ചൊല്ലികൊടുത്തു. ശേഷം കേമ്പിൽ രവി മറ്റു അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരിയായ ജില്ലാ ലേബർ ഓഫീസർ എൻ.വി ഷൈജേഷ് മുതിർന്ന അംഗമായ വെസ്റ്റ് കോഡൂർ ഡിവിഷനിൽ നിന്നും വിജയിച്ച എൻ. കുഞ്ഞീതുവിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റ് 16 അംഗങ്ങൾക്ക് എൻ. കുഞ്ഞീതു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിൽ 16 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് ഹാളിൽ നടന്ന ചടങ്ങിൽ റിട്ടേണിംഗ് ഓഫീസറായ ജില്ലാ എംപ്ളോയ്മെൻ്റ് ഓഫീസർ കെ. ജ്യോതിഷ് കുമാർ മുതിർന്ന അംഗം കടലുണ്ടി നഗരം പ്രതിനിധിയായ എം.പി. സുബൈദക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് എം.പി. സുബൈദ മറ്റ് 15 അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം എം.പി. സുബൈദയുടെ അധ്യക്ഷതയിൽ അംഗങ്ങളുടെ ആദ്യ യോഗവും ചേർന്നു