വയനാട് ജില്ലാ പഞ്ചായത്തിലേക്ക് സത്യപ്രതിജ്ഞ ചെയ്ത ജനപ്രതിനിധികളുടെ പ്രഥമ യോഗം മുതിര്‍ന്ന അംഗം എം സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ജില്ലാപഞ്ചായത്ത് ഹാളില്‍  ചേര്‍ന്നു. ആദ്യ യോഗ നടപടികള്‍  കെ-സ്മാര്‍ട്ട് സോഫ്റ്റ്‌വെയർ മുഖേനയാണ് പൂര്‍ത്തീകരിച്ചത്. യോഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ കക്ഷി ബന്ധം രേഖപ്പെടുത്തുന്ന ഫോം പൂരിപ്പിച്ച് രജിസ്റ്ററില്‍ ഒപ്പുവെച്ചു.
പ്രാദേശിക തലത്തില്‍ നടപ്പാക്കേണ്ട വികസന കാഴ്ചപ്പാടുകളുള്ളവരാണ് ഓരോ ജനപ്രതിനിധികളെന്നും ജില്ലയുടെ വികസനത്തിന് പുത്തന്‍ സാധ്യതകള്‍ നടപ്പാക്കാന്‍ ഭരണ സമിതിക്ക് കഴിയട്ടെയെന്നും യോഗത്തില്‍ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പറഞ്ഞു.
പഞ്ചായത്ത് രാജ് ആക്ട് 153 പ്രകാരം ഡിസംബര്‍ 27ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  സ്ഥാനത്തേക്കും ഉച്ചയ്ക്ക്
2.30 ന് വൈസ് പ്രസിഡന്റ് സ്ഥനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുമെന്ന് സെക്രട്ടറി ബെന്നി ജോസഫ് അറിയിച്ചു. ജനപ്രതിനിധികള്‍ ഫോട്ടോ എടുത്ത ശേഷമാണ് യോഗം പിരിഞ്ഞത്.