കുഷ്ഠരോഗം നിവാരണം ചെയ്യുന്നതിനായി ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന അശ്വമേധം 7.0 ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് നിര്‍വഹിച്ചു.കളക്ടറുടെ ഔദ്യോഗിക വസതിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍,ജില്ലാ പ്രോഗ്രാം മാനേജര്‍, ജില്ലാ ആര്സിഎച്ച്് ഓഫീസര്‍,വോളണ്ടിയേഴ്സ്,ആരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. എന്‍ സതീഷ് ക്യാമ്പയിന് പ്രവര്‍ത്തനങ്ങള്‍ കളക്ടറോട് വിശദീകരിച്ചു. അശ്വമേധം 7.0 ബോധവല്‍ക്കരണ ഫ്ളാഷ് കാര്‍ഡ് ജില്ലാ കളക്ടര്‍ വോളണ്ടിയേഴ്സിന് നല്കി പ്രകാശനം ചെയ്തു.
ജില്ലാഭരണകൂടം, ജില്ലാ മെഡിക്കല്ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വാഴത്തോപ്പ് കുടുംബാരോഗ്യകേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ. എം സാബു മാത്യുവിന്റെ ഔദ്യോഗിക വസതിയിലും വോളണ്ടിയര്‍മാര്‍ എത്തി. ജില്ലാ പ്രോഗ്രാം മാനേജര്‍ ക്യാമ്പയിന് പ്രവര്‍ത്തനങ്ങള്‍ ജില്ലാ പോലീസ് മേധാവിയോട് വിശദീകരിച്ചു. ബോധവല്‍ക്കരണ പോസ്റ്റര്‍ ജില്ലാ പോലീസ് മേധാവി പ്രകാശനം ചെയ്തു.
‘പാടുകള്‍ നോക്കാം ആരോഗ്യം കാക്കാം’ എന്നതാണ് അശ്വമേധം 7.0 ക്യാമ്പയിന്റെ ആപ്തവാക്യം. ക്യാമ്പയിന്റെ ഭാഗമായി പരിശീലനം ലഭിച്ച ആശാപ്രവര്‍ത്തകയും ഒരു പുരുഷവോളണ്ടിയറും അടങ്ങുന്ന സംഘം വീടുകളില്‍ എത്തി കുഷ്ഠ രോഗലക്ഷണങ്ങളുണ്ടോ എന്ന് പരിശോധിക്കും. ഒരു പുരുഷവോളണ്ടിയറും ഒരു സ്ത്രീവോളണ്ടിയറും ഉള്‍പ്പെടുന്ന 1052 അംഗ സംഘമാണ് ജില്ലയില്‍ ഭവനസന്ദര്‍ശനം നടത്തുന്നത്. ജനുവരി 7 മുതല്‍ 20 വരെ രണ്ടാഴ്ചയാണ് ഭവനസന്ദര്‍ശനം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മറ്റുവകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് ക്യാമ്പയിന് സംഘടിപ്പിക്കുന്നത്.
ആറു മുതല്‍ 12 മാസം വരെയുള്ള വിവിധ ഔഷധചികിത്സയിലൂടെ രോഗം പൂര്‍ണമായും ഭേദമാക്കാം. സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്.
ചിത്രം 1: അശ്വമേധം 7.0 ക്യാമ്പയിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ടിന്റെ ഔദ്യോഗിക വസതിയില്‍ വോളണ്ടിയേഴ്സ് എത്തി പരിശോധിക്കുന്നു
ചിത്രം 2: അശ്വമേധം 7.0 ക്യാമ്പയിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ. എം സാബു മാത്യുവിന്റെ ഔദ്യോഗിക വസതിയില്‍ വോളണ്ടിയേഴ്സ് എത്തി പരിശോധിക്കുന്നു
