വയോജനക്ഷേമരംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വയോജന കമ്മീഷന്റെ അടിയന്തരശ്രദ്ധയുണ്ടാവുമെന്നും വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച 60 വയസ്സുകഴിഞ്ഞ മുതിര്‍ന്നവരുടെ സേവനം സമൂഹത്തിനായി ഉപയോഗപ്പെടുത്തുമെന്നും വയോജന കമ്മീഷന്‍ അദ്ധ്യക്ഷന്‍ അഡ്വ. കെ. സോമപ്രസാദ് പ്രസ്താവിച്ചു. വയോജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിലയിരുത്തുന്നതിനും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി സംവദിക്കുന്നതിനും ചേര്‍ന്ന ജില്ലാ തല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധ്യക്ഷന്‍. കമ്മീഷന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വയോജന വിഹിതത്തിന്റെ നിശ്ചിത ഭാഗം ഫലപ്രദമായി വിനിയോഗിക്കുന്ന കാര്യത്തിലും പരിശോധനയും ജാഗ്രതയും ഉണ്ടാകും. ഈ രംഗത്തെ സംഘടന നേതാക്കള്‍,ഇടുക്കി ജില്ലാ വയോജന കൗണ്‍സില്‍ അംഗങ്ങള്‍ സ്ഥാപന മേധാവികള്‍ വിദഗ്ധര്‍ എന്നിവരുമായി വയോജന കമ്മീഷന്‍ അംഗങ്ങള്‍ ചര്‍ച്ചനടത്തി. സര്‍ക്കാര്‍ വയോജന കമ്മീഷന്‍ രൂപീകരിച്ചതിന് ശേഷമുള്ള ജില്ലയിലെ ആദ്യ യോഗമാണ് നടന്നത്. തൊടുപുഴ സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ വയോജന കമ്മീഷന്‍ അംഗങ്ങളായ കെ.എന്‍.കെ നമ്പൂതിരി, ലോപ്പസ് മാത്യു, കമ്മീഷന്‍ രജിസ്ട്രാര്‍ സ്മിത സാം, സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസര്‍ ഷംനാദ് വി എ എന്നിവരും പങ്കെടുത്തു.

ചിത്രം: തൊടുപുഴയില്‍ നടന്ന വയോജന കമ്മീഷന്‍ ജില്ലാതല യോഗത്തില്‍ അദ്ധ്യക്ഷന്‍ അഡ്വ. കെ. സോമപ്രസാദ് സംസാരിക്കുന്നു