കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരത്തിലെ സ്‌കൂള്‍തല വിദ്യാഭ്യാസ ജില്ലാ മത്സരം നടന്നു. മലപ്പുറം ജില്ലയിലെ മലപ്പുറം, തിരൂരങ്ങാടി, തിരൂര്‍, വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലകളിലെ മത്സരങ്ങള്‍ യഥാക്രമം മലപ്പുറം ജി.ജി.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വേങ്ങര ജി.എം.വി.എച്ച്.എസ്.എസ്, തിരൂര്‍ ജി.ബി.എച്ച്.എസ്.എസ്, മേലാറ്റൂര്‍ ആര്‍.എം.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് നടന്നത്. സ്‌കൂള്‍തല പ്രാരംഭഘട്ട മത്സരത്തില്‍ വിജയികളായ രണ്ട് ടീമുകള്‍ വീതമാണ് വിദ്യാഭ്യാസ ജില്ലാ മത്സരത്തില്‍ പങ്കെടുത്തത്.

വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ ക്വിസ് മേലാറ്റൂര്‍ ആര്‍എംഎച്ച്എസ്എസില്‍ നടന്നു. 74 സ്‌കൂളുകളില്‍ നിന്നായി 118 ടീമുകള്‍ പങ്കെടുത്തു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ യഥാക്രമത്തില്‍ ടി.പി. മുഹമ്മദ് അഫ്നാന്‍, എം. സിനോവ് (തുവ്വൂര്‍ ജി.എച്ച്.എസ്.എസ്), എന്‍. അല്‍ ഹസീം, സി. ഹിബാന്‍ (അരീക്കോട് എസ്.ഒ.എച്ച്.എസ്.എസ്), സി. മുഹമ്മദ് റയാന്‍, പികെ. നിഷാന്‍ (അഞ്ചച്ചവടി ജി.എച്ച്.എസ്. എസ്) എന്നിവര്‍ നേടി.

തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലെ ക്വിസ് തിരൂര്‍ ജി.ബി.എച്ച്.എസ്.എസില്‍ നടന്നു. 76 സ്‌കൂളുകളില്‍ നിന്നായി 112 ടീമുകള്‍ മത്സരിച്ചു. ഒന്ന്, രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ യഥാക്രമം പ്രബിന്‍ പ്രകാശ്, യശ്വന്ത് ജെ. ജഗദീഷ് (മാറാക്കര വി.വി.എച്ച്. എച്ച്.എസ് എസ്), എം.സി. നാസില, കെ. നിവേദ് (കുറ്റിപ്പുറം ജി.എച്ച്.എസ്.എസ്), ടി. അഭിറോഷ്, കെ. മുഹമ്മദ് ഇജ്‌ലാന്‍ (ഏഴൂര്‍ ജി.എച്ച്. എസ്.എസ്) എന്നിവര്‍ നേടി.

തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ ക്വിസ് വേങ്ങര ജി.എം. വി.എച്ച്.എസ്.എസ് സ്കൂളിൽ നടന്നു. 81 സ്കൂളുകളിൽ നിന്നായി 154 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. 10 ടീമുകളെ ജില്ലാതലത്തിലേക്കു തെരെഞ്ഞെടുത്തു. ജി.എച്ച്.എസ്.എസ് സി.യു ക്യാംപസ് തേഞ്ഞിപ്പലം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

വിദ്യാഭ്യാസ ജില്ലാതല ഘട്ടത്തില്‍ വിജയിച്ച 10 ടീമുകളാണ് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുന്നത്. ഫെബ്രുവരി മൂന്നാം വാരം ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് ഗ്രാന്‍ഡ് ഫിനാലെ നടക്കും. സ്‌കൂള്‍തല ഫൈനല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് സമ്മാനത്തുകയായി ലഭിക്കുക. പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രശസ്തി പത്രവും മെമന്റോയും നല്‍കും. ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസിന്റെ ആദ്യഘട്ട മത്സരത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ഉള്‍പ്പടെ അയ്യായിരത്തോളം വിദ്യാലയങ്ങളിലും വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിന്നായി അഞ്ചു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു.