പട്ടികജാതി-വർഗ വിദ്യാർഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കാൻ നടപ്പിലാക്കുന്ന അക്ഷരോന്നതി പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ നിർവഹിച്ചു. കളക്ടറേറ്റിൽ സ്ഥാപിച്ച വാൾ ഓഫ് ലെറ്റേഴ്‌സിൽ അദ്ദേഹം ആദ്യ പുസ്തകം നിക്ഷേപിച്ചു.

കളക്ടറേറ്റിലെ കളക്ഷൻ സെന്റർ മുഖേന ഉന്നതികളിലെ സാമൂഹ്യ പഠനമുറികളിലേക്കും വിജ്ഞാനവാടികളിലേക്കും പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്കും പുസ്തകങ്ങൾ ശേഖരിക്കുന്നതിനുള്ള പദ്ധതിയാണിത്. തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികവർഗ വികസന വകുപ്പ്, പട്ടികജാതി വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ സാമൂഹിക- സാംസ്‌കാരിക- സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ബിനു ജോൺ, അക്ഷരോന്നതി ജില്ലാ നോഡൽ ഓഫീസർ എസ്. സജീഷ്, സാക്ഷരതാ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. വി. വി. മാത്യു, ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ പി. ശ്രീകുമാർ, ജില്ലാ ഗ്രന്ഥശാല കോർഡിനേറ്റർ ബാബു ജോർജ്, ജില്ലാ വിദ്യാഭ്യാസ വകുപ്പ് ജൂനിയർ സൂപ്രണ്ട് സിൻസി കുര്യൻ, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എസ്. ശ്രീകുമാർ, പട്ടികവർഗ്ഗ അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസർ അഞ്ചു എസ്. നായർ, എൻ.സി.സി ഹെഡ് ക്ലാർക്ക് കെ.ടി. ബിനുമോൻ, ആർ.ജി.എസ്.എ ഡിസ്ട്രിക്റ്റ് പ്രൊജക്റ്റ് മാനേജർ രാഹുൽ രവി എന്നിവർ പങ്കെടുത്തു.