സര്‍ക്കാര്‍ ഒരുക്കുന്ന സൗജന്യവും ഗുണമേന്മയുള്ളതുമായ ആരോഗ്യസേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘ഹെല്‍ത്തി കേരള’ ഫീല്‍ഡ് ക്യാംപയിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനവും പ്രചാരണ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മവും കളക്ടറേറ്റ് ഗ്രൗണ്ടില്‍ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍വഹിച്ചു.

നല്ല ആരോഗ്യ സംവിധാനങ്ങള്‍ ലഭ്യമാണെങ്കിലും അവയെക്കുറിച്ചുള്ള അറിവ് ജനങ്ങളില്‍ എത്താത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങള്‍ കൃത്യമായി മനസ്സിലാക്കിയാല്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് അവ പ്രയോജനപ്പെടുത്താനും ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ നിലനിര്‍ത്താനും സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ സേവനങ്ങളെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുക, പ്രതിരോധ ചികിത്സയുടെ പ്രാധാന്യം ,ജനകീയ-കുടുംബ ആരോഗ്യ കേന്ദ്രങ്ങള്‍-ആശുപത്രികള്‍ നല്‍കുന്ന സേവനങ്ങള്‍, സൗജന്യ ചികിത്സാ പദ്ധതികള്‍, മരുന്നുകളുടെ ലഭ്യത, ചികിത്സാ സൗകര്യങ്ങള്‍, പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ തുടങ്ങിയവ പൊതുജനങ്ങളില്‍ എത്തിക്കുകയാണ് ക്യാംപയിന്റെ ലക്ഷ്യം.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ. ജയന്തി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍. അനൂപ് ക്യാംപയിന്‍ വിശദീകരിച്ചു. ആയുര്‍വേദ ഡി.എം.ഒ ഡോ. റോയ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. സി. ഷുബിന്‍, ഡോ. ഫിറോസ് ഖാന്‍, ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി, ഐ.ഇ.സി കണ്‍സള്‍ട്ടന്റ് ഇ.ആര്‍ ദിവ്യ, പാലിയേറ്റീവ് കോര്‍ഡിനേറ്റര്‍ പി. ഫൈസല്‍, ആശ കോര്‍ഡിനേറ്റര്‍ ശ്രീപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു