ഇടുക്കി ജില്ലയില്‍ ഇ.വി.എം ഡെമോണ്‍സ്‌ട്രേഷന്‍ സെന്ററുകള്‍ തുറന്നു

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെ അടുത്തറിയുന്നതിനും വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കുന്നതിനുമായി ഇ.വി.എം ഡെമോണ്‍സ്‌ട്രേഷന്‍ സെന്ററുകള്‍ ആരംഭിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു.

ജില്ലയില്‍ ഇടുക്കി കളക്ടറേറ്റ്, പീരുമേട്, ദേവികുളം വരണാധികാരികളുടെ കാര്യാലയങ്ങള്‍ എന്നിങ്ങനെ മൂന്ന് സെന്ററുകളാണ് ആരംഭിച്ചത്. പുതിയതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തിട്ടുള്ളവരും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെക്കുറിച്ച് അറിയാന്‍ താല്‍പ്പര്യം ഉള്ളവരും ഈ അവസരം പരമാവധി വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഡെമോണ്‍സ്‌ട്രേഷന്‍ സെന്ററിന് പുറമെ വരുംദിവസങ്ങളില്‍  ഇ.വി.എം ഡെമോണ്‍സ്‌ട്രേഷന്‍ വാന്‍ ജില്ലയില്‍ പര്യടനം നടത്തുമെന്നും കളക്ടര്‍ അറിയിച്ചു. ഇടുക്കി സബ് കളക്ടര്‍ അനൂപ് ഗാര്‍ഗ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സുജ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.