തൃത്താലയുടെ വികസന ഭൂപടത്തിൽ ഒരു റോഡ് കൂടി എഴുതിച്ചേർക്കപ്പെടുമ്പോൾ അതിന് സാധാരണ ഉദ്ഘാടനങ്ങളേക്കാൾ മധുരമേറുന്ന ഒരു കഥ പറയാനുണ്ട്. അത് കുണ്ടയം കനാൽ റോഡിന്റെ വെറും കോൺക്രീറ്റ് ബലത്തെക്കുറിച്ചല്ല, മറിച്ച് ഒരു കൊച്ചു പെൺകുട്ടിയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഒരു ജനപ്രതിനിധി നൽകിയ ഉറപ്പിന്റെ കഥയാണ്. ശാരീരിക പരിമിതികളെ തോൽപ്പിക്കാൻ ശ്രമിക്കുന്ന ഫിദ ഫാത്തിമ എന്ന മിടുക്കിക്ക്, ഈ റോഡ് വെറുമൊരു സഞ്ചാരപാതയുമല്ല, തന്റെ സ്വപ്നങ്ങളിലേക്കുള്ള തടസ്സമില്ലാത്ത വഴിയാണ്.

മഴക്കാലമായാൽ കുണ്ടയം കനാൽ പരിസരം ചളി നിറഞ്ഞ് സഞ്ചാര യോഗ്യമല്ലാതാകും. ഇതിനൊരു പരിഹാരം കാണണമെന്ന ആവശ്യമുന്നയിച്ച് കേലശ്ശേരി വീട്ടിൽ സലീം മകൾ ഫിദ ഒരു വർഷം മുമ്പ് മന്ത്രി എം.ബി. രാജേഷിനെ നേരിൽ കണ്ട് കത്തുനൽകി. കുണ്ടയം കനാൽ പരിസരത്തെ യാത്രാദുരിതം വിവരിച്ചുകൊണ്ട് ആ കൊച്ചു കൈകൾ എഴുതിയ കത്ത് മന്ത്രിയുടെ ഹൃദയത്തിലാണ് സ്പർശിച്ചത്.ഒരു വർഷത്തിനുള്ളിൽ റോഡ് യാഥാർത്ഥ്യമാക്കുമെന്ന ഉറപ്പ് അന്ന് മന്ത്രി ഫിദയ്ക്ക് നൽകിയിരുന്നു. പറഞ്ഞ വാക്ക് വെറുതെയാവാതെ, എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ വകയിരുത്തി കൃത്യസമയത്ത് തന്നെ റോഡിന്റെ പണി പൂർത്തിയാക്കി. കഴിഞ്ഞ ദിവസം ആ സ്വപ്നപാത നാടിന് സമർപ്പിക്കുമ്പോൾ മന്ത്രിക്ക് കൂട്ടായി ഫിദയും കൂടെയുണ്ടായിരുന്നു.അവൾക്കൊപ്പം ചേർന്ന് ഉദ്ഘാടനം ചെയ്യുമ്പോൾ മന്ത്രിയുടെ വാക്കുകളിലും ആ സന്തോഷം പ്രകടമായിരുന്നു.

തൃത്താല മണ്ഡലത്തിൽ നടന്നു വരുന്ന വികസനോത്സവത്തിന്റെ ഭാഗമായി നിരവധി റോഡുകൾ ഉദ്ഘാടനം ചെയ്യപ്പെടുന്നുണ്ടെങ്കിലും, കുണ്ടയം കനാൽ റോഡിന് തന്റെ മനസ്സിൽ പ്രത്യേക സ്ഥാനമുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഫിദയുടെ ആവശ്യം നിറവേറ്റാനായതാണ് തനിക്ക് ഏറ്റവും വലിയ സംതൃപ്തി നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെരുമ്പിലാവ് അൻസാർ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥിനിയായ ഫിദയ്ക്ക്, വികസനത്തിന്റെ ഈ മധുരം ഇരട്ടി സന്തോഷമാണ്. ഇനി മഴ നനഞ്ഞ ചളിവഴികളെ ഭയക്കാതെ അവൾക്ക് തന്റെ സ്കൂളിലേക്കും സ്വപ്നങ്ങളിലേക്കും ആത്മവിശ്വാസത്തോടെ യാത്ര ചെയ്യാം.