ഫെബ്രുവരി 23 മുതല്‍ 25 വരെ ഹരിത കേരളം മിഷന്‍ സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി പുനസ്ഥാപന സമ്മേളനത്തിന്റെ ലോഗോയുടെ ജില്ലാ തല പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബാര്‍ ഹാജി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി സ്മിജി അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്താകെ നടന്നു വരുന്ന പരിസ്ഥിതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൈവരിച്ച നേട്ടങ്ങള്‍ രാജ്യത്തെ വിവിധ വിഷയ മേഖലകളിലെ വിദഗ്ധര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ അവരുടെ അഭിപ്രായങ്ങള്‍ അറിയുന്നതിനുമാണ് ദേശീയ പരിസ്ഥിതി സമ്മേളനം സംഘടിപ്പിക്കുന്നത്. ഫബ്രുവരി 23 ന് രാവിലെ തിരുവനന്തപുരം ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നു ദിവസത്തെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശുചിത്വം-മാലിന്യ സംസ്‌കരണം, ജലസുരക്ഷ, കൃഷി, പരിസ്ഥിതി പുനഃസ്ഥാപനം, നെറ്റ് സീറോ കാര്‍ബണ്‍ കേരളം, ഊര്‍ജ്ജം, കാലാവസ്ഥാ വ്യതിയാനം, പച്ചത്തുരുത്തുകള്‍, മനുഷ്യ-വന്യമൃഗ സംഘര്‍ഷം തുടങ്ങി 18 വിഷയങ്ങളില്‍ പ്രബന്ധാവതരണം, പ്രതികരണങ്ങള്‍ എന്നിവയാണ് സമ്മേളനത്തിലെ പ്രധാന പരിപാടി. പരിസ്ഥിതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി എഴുപതിലധികം സ്റ്റാളുകളില്‍ പ്രദര്‍ശനവും സംഘടിപ്പിക്കും. പരിസ്ഥിതി രംഗത്തെ വിദഗ്ധര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, വകുപ്പ് മേധാവികള്‍, പരിസ്ഥിതി മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയ വ്യക്തികള്‍ തുടങ്ങിയവര്‍ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കും.
