നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ക്കും സമ്മതിദായകര്‍ക്കും കൃത്യമായ വിവരങ്ങളും സഹായവും നല്‍കിക്കൊണ്ട് ഇലക്ഷന്‍ കമ്മീഷന്റെ വിവിധ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഒരുങ്ങി. സുവിധ പോര്‍ട്ടല്‍, എന്‍കോര്‍, സി-വിജില്‍, സക്ഷം എന്നിങ്ങനെയുള്ള ഈ ആപ്ലിക്കേഷനുകള്‍ക്ക് ഒപ്പം തന്നെ ഇവയുടെ വെബ്പോര്‍ട്ടലുകളും ഉപയോഗപ്പെടുത്താം.

സുവിധ പോര്‍ട്ടല്‍- സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വേണ്ടിയുള്ള ആപ്ലിക്കഷനാണിത്. സ്ഥാനാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി നാമനിര്‍ദ്ദേശം കൊടുക്കാനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണി ഉപയോഗം, റാലി നടത്തല്‍ എന്നിവയ്ക്ക് അനുമതി തേടാനും സുവിധ പോര്‍ട്ടല്‍ ഉപയോഗപ്പെടുത്താം.

എന്‍കോര്‍- തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കേണ്ട എല്ലാ പ്രക്രിയകളും (നാമനിര്‍ദ്ദേശം,സൂക്ഷ്മപരിശോധന, വോട്ടെണ്ണല്‍, ഫലപ്രഖ്യാപനം മുതലായവ) ഉള്‍പ്പെടുത്തിയ ആപ്ലിക്കേഷനാണിത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം റിട്ടേണിംഗ് ഓഫീസര്‍മാര്‍ പ്രസിദ്ധീകരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ അവര്‍ക്ക് ഈ ആപ്ലിക്കേഷന്‍ വഴി നേരിട്ട് കാണാം.

സി-വിജില്‍-പൊതുജനങ്ങളില്‍ നിന്നും പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് വരുന്ന പരാതികള്‍ സ്വീകരിക്കുന്നതിനുള്ള ആപ്ലിക്കേഷനാണിത്. സി-വിജില്‍ ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമിതരായ വിവിധ സ്‌ക്വാഡുകള്‍ക്ക് കൈമാറും. ഈ സ്‌ക്വാഡുകളാണ് പരാതികള്‍ പരിഹരിക്കുന്നത്. പരാതികള്‍ക്ക് 100 മിനിറ്റിനകം പരിഹാരം കാണുന്ന രീതിയിലാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സംസ്ഥാനതല ടോള്‍ഫ്രീ നമ്പറായ 1950ലും കൂടാതെ മലപ്പുറം ജില്ലാ കണ്‍ട്രോള്‍ റൂമിലെ 0483-2735400 എന്ന നമ്പറിലും അറിയിക്കാം.

സക്ഷം -ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുക എന്നതാണ് ആപ്പിന്റെ ലക്ഷ്യം. വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കാനും പോളിംഗ് ബൂത്തില്‍ വീല്‍ചെയര്‍ സൗകര്യം ആവശ്യപ്പെടാനും പ്രായമായവര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നതിനായി അപേക്ഷിക്കാനും വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്ത് എവിടെയാണെന്നുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മനസിലാക്കാനും ഈ ആപ്പ് ഉപയോഗപ്പെടുത്താം.