നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട ക്രമസമാധാന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്രത്തില്‍ നിന്നുള്ള തിരഞ്ഞടുപ്പ് നിരീക്ഷകരുടെ നേതൃത്വത്തില്‍ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുടെ യോഗം ചേര്‍ന്നു. കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തി. അനധികൃത പണമിടപാടുകള്‍, മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഒഴുക്ക് തടയാന്‍ കര്‍ശന പരിശോധന നടത്താന്‍ നിരീക്ഷകര്‍ നിര്‍ദ്ദേശിച്ചു.

ജില്ലയുടെ അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലും ചെക്ക് പോസ്റ്റുകളിലും 24 മണിക്കൂറും നിരീക്ഷണം ഉറപ്പാക്കും. പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ഫ്ലയിംഗ് സ്‌ക്വാഡുകള്‍, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകള്‍ എന്നിവയുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കും. പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് സംബന്ധമായ പരാതികള്‍ നിരീക്ഷകരെ നേരിട്ടോ സി-വിജില്‍ ആപ്പ് വഴിയോ അറിയിക്കാം. തിരഞ്ഞെടുപ്പ് തികച്ചും സുതാര്യവും ഭയരഹിതവുമായ അന്തരീക്ഷത്തില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ മണ്ഡലാടിസ്ഥാനത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കുമെന്നും അധികൃതര്‍ അറിയിച്ചു. വിവിധ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ സംയുക്തമായി പട്രോളിങ്, റൂട്ട് മാര്‍ച്ച് എന്നിവ നടത്തും. സമാധാനപൂര്‍ണവും സുതാര്യവുമായ തെരഞ്ഞെടുപ്പിന് ജില്ലാ കളക്ടര്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിച്ചു.

പൊതു നിരീക്ഷകരായ ശക്തി സിങ്, വിശേഷ് സാരംഗല്‍, എം.ബി.രാജേഷ് ഗൗഡ, അജിത് ബലാസോ കുംഭാര്‍, ഷെവാങ് ഗ്യാചൊ ബുട്ടിയ, പൊലീസ് നിരീക്ഷകന്‍ ചന്ദ്ര ഗുപ്ത, ചെലവു നിരീക്ഷകരായ അനൂപ് കുമാര്‍ വെര്‍മ, അനുരാഗ് ശ്രീവാസ്തവ, റൗത്ത് മനിഷ് മഹേന്ദ്ര, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, എ.ഡി.എം.സി.എസ്. രാജേഷ്, തെരഞ്ഞടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജയശ്രീ എസ്.വാര്യര്‍, വിവിധ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.