ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനും രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ഇലക്ട്രോണിക് മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കുന്നതിനുള്ള മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് സെല്‍ (എം.സി.എം.സി) – മീഡിയ കൺട്രോൾ റൂം മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.
ഇലക്ട്രോണിക് മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങളുടെ പ്രീ-സര്‍ട്ടിഫിക്കേഷനു പുറമെ, മാധ്യമങ്ങളില്‍ വരുന്ന പെയ്ഡ് ന്യൂസ്, പെരുമാറ്റച്ചട്ട ലംഘനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, വ്യാജ വാര്‍ത്തകള്‍ തുടങ്ങിയവയുടെ നിരീക്ഷണമാണ് സെല്ലിന്റെ പ്രധാന ചുമതല. പത്രങ്ങള്‍, ആനുകാലികങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ് വര്‍ക്കുകള്‍, റേഡിയോ, സ്വകാര്യ എഫ്.എം ചാനലുകള്‍, സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷണത്തിന് വിധേയമാക്കും.
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ കഴിയുന്നത് വരെ നിരീക്ഷണം തുടരും. പെയ്ഡ് ന്യൂസിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം ചെലവുകള്‍ സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. മാധ്യമങ്ങളില്‍ വരുന്ന സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പരസ്യങ്ങളുടെ ചെലവുകളും തിട്ടപ്പെടുത്തി ബന്ധപ്പെട്ട വരണാധികാരിക്കും ചെലവ് വിഭാഗം നോഡല്‍ ഓഫീസര്‍ക്കും കൈമാറും.പെയ്ഡ് ന്യൂസ് സംബന്ധമായി ലഭിക്കുന്ന പരാതികളും എം.സി.എം.സി പരിശോധിക്കും.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍ ആണ് ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി.) ചെയര്‍മാന്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ് മെമ്പർ സെക്രട്ടറിയും തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ.കൈനിക്കര, സാമൂഹ്യ മാധ്യമ വിദഗ്ധന്‍ മുഹമ്മദ് ഷാഫി, മഞ്ചേരി എഫ്.എം. റേഡിയോ ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടീവ് മുനീര്‍ ആമയൂര്‍, മലപ്പുറം പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് എസ്.മഹേഷ് കുമാര്‍ എന്നിവര്‍ അംഗങ്ങളുമാണ്.
സിവില്‍ സ്റ്റേഷനിലെ ബി 3 ബ്ലോക്കിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മീഡിയാ മോണിറ്ററിങ് സെല്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വിനയ് ഗോയല്‍, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകരായ ശക്തി സിങ്, വിശേഷ് സാരംഗല്‍, എം.ബി.രാജേഷ് ഗൗഡ, അജിത് ബലാസോ കുംഭാര്‍, ഷെവാങ് ഗ്യാചൊ ബുട്ടിയ, ചന്ദ്ര ഗുപ്ത, അനൂപ് കുമാര്‍ വെര്‍മ, അനുരാഗ് ശ്രീവാസ്തവ, റൗത്ത് മനിഷ് മഹേന്ദ്ര തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
