കൊച്ചി: വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച കലാകാരന്മാർക്കുള്ള വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ വൈപ്പിന്‍ ക്ലസ്റ്റർ ഉദ്ഘാടനം പ്രസിഡന്‍റ് ഡോ.കെ.കെ.ജോഷി നിര്‍വ്വഹിച്ചു. ജില്ലയിലെ ആദ്യത്തെ ക്ലസ്റ്റർ ആണ് വൈപ്പിനിൽ ഉദ്ഘാടനം ചെയ്തത്. യുവകലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും കലകളെ വ്യാപരിപ്പിക്കുന്നതിനും വേണ്ടിയാണ് സംസ്ഥാനസർക്കാരും സാംസ്കാരിക വകുപ്പും തദ്ദേശഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് പദ്ധതി നടപ്പിലാക്കുന്നത്

സംഗീതത്തിൽ കവിത കെ കെ , പി എസ് ഉഷസ്, പെയിന്റിംഗിൽ ലസിയ റ്റി.ആർ. , സൂരജ് എം എസ്, നാടകത്തിൽ സുബി റ്റി. വി എന്നിവരെയാണ് വൈപ്പിൻ ബ്ലോക്കിലെ നാല് പഞ്ചായത്തുകളിൽ നിന്നും വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത് .

സംസ്ഥാനത്തെ അംഗീകൃത കലാലയങ്ങളില്‍ നിന്നും കലാവിഷയങ്ങളില്‍ നിശ്ചിത യോഗ്യത നേടിയവരോ ഫോക്‌ലോര്‍ കലാരൂപങ്ങളില്‍ പ്രാവീണ്യമുള്ളവരോ ആയ 35 വയസ്സ് കവിയാത്ത 1000 യുവകലാകാരന്മാര്‍ക്കാണ് സര്‍ക്കാര്‍ വജ്ര ജൂബിലി ഫെല്ലോഷിപ്പ് നൽകുന്നത്. സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

എടവനക്കാട് ഗവൺമെൻറ് സ്കൂൾ, ഞാറക്കൽ വനിതാ വ്യവസായ കെട്ടിടം, നായരമ്പലം ലൈബ്രറി ഹാൾ, കുഴുപ്പിള്ളി പഞ്ചായത്ത് ഹാൾ എന്നിവിടങ്ങളിലാണ് പരിശീലനം നടക്കുക. വിവിധ കലാരൂപങ്ങൾ പഠിക്കാൻ സാധിക്കാതെ പോയ കലാകാരന്മാർക്ക് സൗജന്യമായി ഈ കേന്ദ്രങ്ങളിൽ നിന്നും പഠിക്കാൻ സാധിക്കും.

വൈപ്പിൻ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് തുളസി സോമന്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ.എന്‍.ഉണ്ണികൃഷ്ണന്‍, പളളിപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ.രാധാകൃഷ്ണന്‍, കുഴുപ്പിളളി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എ.ശിവന്‍, സെക്രട്ടറി ശ്രീദേവി കെ.നമ്പൂതിരി, ആര്‍.മുകുന്ദന്‍, ഉപദേശക സമിതി അംഗം ഒ.കെ.കൃഷ്ണകുമാര്‍, ജില്ല കോ-ഓഡിനേറ്റര്‍ ഡോ.കെ.എസ്.കവിത, കവിത ഡേവിഡ് എന്നിവര്‍ പങ്കെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി.