വയനാടിനെ ഇ-ഡിസ്ട്രിക്റ്റ് ജില്ലയാക്കുകയെന്ന ലക്ഷ്യത്തോടെ മുഴുവൻ സർക്കാർ ഓഫീസുകളും ഡിജിറ്റലാക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. താലൂക്ക് തലത്തിലും തുടർന്ന് വില്ലേജ് ഓഫീസുകളിലേക്കും ഇ-ഓഫീസ് സംവിധാനം വ്യാപിപ്പിക്കും. ഇതിനുവേണ്ടി നെറ്റ്വർക്കും ആവശ്യമായ കമ്പ്യൂട്ടറുകളും ലഭ്യമാക്കും. നിലവിൽ 80 ശതമാനം ഇടപാടുകൾ മാത്രമേ ഓൺലൈനിലൂടെ നടക്കുന്നുള്ളൂ. രേഖകൾ നൽകുന്നതിലെ സാങ്കേതിക തടസ്സങ്ങളാണ് പ്രധാന പ്രശ്നം. വില്ലേജ് ഓഫീസിലെത്തുന്ന അപേക്ഷകൾക്ക് ഉടൻ തന്നെ രേഖകൾ ലഭ്യമാക്കുന്നതിന് ഇ-ഓഫീസ് വഴി കഴിയും. പൂർണമായി എങ്ങനെ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറാമെന്നതിനെക്കുറിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെ ആലോചന.

എല്ലാ അക്ഷയ കേന്ദ്രങ്ങളിലും സർക്കാർ ഉത്തരവ് പ്രകാരമുള്ള സേവന നിരക്ക് പൊതുജനങ്ങൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കണമെന്ന് ജില്ലാ കളക്ടർ എ.ആർ. അജയകുമാർ നിർദേശിച്ചു. ഇത് ജില്ലാ ഇ-ഗവേണൻസ് സൈാസൈറ്റി പ്രൊജക്ട് മാനേജർ ഉറപ്പുവരുത്തണം. ജില്ലയിലെ പട്ടിക വിഭാഗക്കാരുടെ വിവിധ രേഖകളുടെ എകീകരണം സംബന്ധിച്ചും ജാതി സർട്ടിഫിക്കറ്റ് അടക്കമുള്ളവ സമയബന്ധിതമായി ലഭ്യമാക്കാനും യോഗം നിർദേശിച്ചു. ജില്ലാ കളക്ടർ എ.ആർ. അജയകുമാറിന്റെ അധ്യക്ഷതയിൽ ചേമ്പറിൽ ചേർന്ന യോഗത്തിൽ സംയോജിത ആദിവാസി വികസന പദ്ധതി ഓഫീസർ പി. വാണിദാസ്, കേരള സ്‌റ്റേറ്റ് ഐടി മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ ജെറിൻ സി. ബോബൻ തുടങ്ങിയവർ പങ്കെടുത്തു.