നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി ഉയര്‍ത്തിപ്പിടിക്കാനും അനാചാരങ്ങളും ജാതി-മത-ലിംഗ വിവേചനങ്ങളും ഉന്മൂലനം ചെയ്യാനും ലക്ഷ്യമിട്ട് നവോത്ഥാന സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ മതില്‍ ചരിത്രത്തില്‍ സുപ്രധാന നിമിഷമായി രേഖപ്പെടുത്തി. മൂന്ന് ലക്ഷത്തിലധികം വനിതകളാണ് പുലാമന്തോള്‍ മുതല്‍ ചെറുതുരുത്തി വരെയുള്ള 26 കിലോമീറ്ററില്‍ മതില്‍ തീര്‍ത്തത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള വനിതകള്‍-ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, ഉദ്യോഗസ്ഥകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, ആശാപ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ തുടങ്ങിയവര്‍ മതിലില്‍ പങ്കാളികളായി.
പാലക്കാട്-മലപ്പുറം ജില്ലയുടെ അതിര്‍ത്തിയായ പുലാമന്തോള്‍ മുതല്‍ തൃശൂര്‍ അതിര്‍ത്തിയായ ചെറുതുരുത്തി വരെ 26 കിലോമീറ്ററില്‍ മതില്‍ ഉയര്‍ന്നപ്പോള്‍ അഭിവാദ്യമര്‍പ്പിക്കാന്‍ സമാന്തരമായി പുരുഷ മതിലും ഉയര്‍ന്നു. വള്ളത്തോളിനും എം.ടി ക്കും പി.കുഞ്ഞിരാമന്‍ നായര്‍ക്കും മറ്റ് നിരവധി എഴുത്തുകാര്‍ക്കും പ്രചോദനമായ നിളയുടെ തീരത്തുളള വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള പ്രാധിനിധ്യം വനിതാ മതിലിന് ഉറപ്പേകി. കൃത്യം 3.45 ന് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ നേരത്തെ നിശ്ചയിച്ചിരുന്ന സ്ഥലങ്ങളില്‍ റോഡിന് വലതു വശത്തായി അണിനിരന്നു. തുടര്‍ന്ന് നവോത്ഥാന പ്രതിജ്ഞയെടുത്തു. സ്ത്രീ മുന്നേറ്റത്തിന് പുതിയ ചരിത്രം സൃഷ്ടിച്ച് ലിംഗസമത്വവും തുല്യനീതിയും നവോത്ഥാന ആശയങ്ങളും വര്‍ഗീയതയ്‌ക്കെതിരായ മതനിരപേക്ഷതയുടെ മൂല്യവും ഉയര്‍ത്തിപ്പിടിച്ചുള്ള മുന്നേറ്റം കേരള ചരിത്രത്തില്‍ ഇടം പിടിക്കുമെന്നും നാളത്തെ കേരളത്തെ നിര്‍ണ്ണയിക്കാന്‍ പെണ്‍ മുന്നേറ്റങ്ങളും നവോത്ഥാന മുന്നേറ്റങ്ങളും തുടക്കമായി മാറുമെന്നും പട്ടാമ്പില്‍ വനിത മതിലിന് അഭിവാദ്യമര്‍പ്പിക്കാനെത്തിയ എം ബി രാജേഷ് എംപി പറഞ്ഞു.

സ്ത്രീകളെ മതത്തിന്റെയും ബ്രാഹ്മണ്യത്തിന്റെയും പേരില്‍ തളച്ചിടാനുളള നീക്കങ്ങള്‍ക്കെതിരെ ഉയര്‍ന്നു വന്ന വനിത മതില്‍ നവോത്ഥാന മൂല്യങ്ങളില്‍ നിന്നും പിറകോട്ട് വലിക്കാന്‍ ആര് ശ്രമിച്ചാലും സാധ്യമല്ലെന്ന് മഹിളാ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി എസ്. മല്ലിക കൊപ്പത്ത് ഉദ്ഘാടനം ചെയ്ത പൊതുയോഗത്തില്‍ പറഞ്ഞു. മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ് അധ്യക്ഷയായി.
ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, വിവിധ പ്രദേശങ്ങളില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് പട്ടാമ്പി, കൊപ്പം, പുലാമന്തോള്‍, കുളപ്പുള്ളി എന്നിവിടങ്ങളില്‍ പൊതുസമ്മേളനം നടന്നു. കുളപ്പുളളിയില്‍ നിയമ-സാംസ്‌കാരിക-പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നോക്കക്ഷേമ-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലനും പട്ടാമ്പിയില്‍ ജലവിഭവ വകുപ്പുമന്ത്രി കെ.കൃഷ്ണന്‍കുട്ടിയും പങ്കെടുത്തു. ഗോത്രമഹാസഭ നേതാവ് സി കെ ജാനു കുളപ്പുള്ളിയില്‍ പങ്കെടുത്തു.


പട്ടാമ്പിയില്‍ പ്രൊഫസര്‍ സി.പി.ചിത്ര, രക്തസാക്ഷി പി.കെ.രാജന്റെ മാതാവ് പി.കെ സരോജിനി, വള്ളുവനാട്ടിലെ നവോത്ഥാന പോരാട്ടങ്ങളുടെ നേതാക്കളായിരുന്ന പളളം ആര്യം പളളം ദമ്പതികളുടെ മകള്‍ പി.മുരളി ടീച്ചര്‍, തൊഴില്‍ കേന്ദ്രത്തിലേക്ക് എന്ന സ്ത്രീകളുടെ ആദ്യകാല നാടകത്തിലെ പിന്നണി പ്രവര്‍ത്തക ഗംഗാദേവി, പ്രശസ്ത ചിത്രകാരി ദുര്‍ഗ മാലതി, ഡോ. എന്‍.കെ.ഗീത കായികതാരം വര്‍ഷ മുരളീധരന്‍, വി.ടി. ഭട്ടതിരിപ്പാടിന്റെ കൊച്ചുമകള്‍ വി.ടി മഞ്ചരി തുടങ്ങിയവര്‍ പങ്കെടുത്തു.
കുളപ്പുള്ളിയില്‍ സി.പി.എം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്‍, സി.പി.ഐ ജില്ലാസെക്രട്ടറി കെ.പി.സുരേഷ് രാജ്, സുമലത മോഹന്‍ദാസ്, വിജയലക്ഷ്മി, സി.കെ ജാനു തുടങ്ങിയവര്‍ പങ്കെടുത്തും.
പുലാമന്തോളില്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, ഈശ്വരിരേശന്‍, മുന്‍ എം.എല്‍.എമാരായ എം.ചന്ദ്രന്‍, ഗിരിജ സുരേന്ദ്രന്‍, മുന്‍ എം.പി എന്‍.എന്‍.കൃഷ്ണദാസ്, മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ്, കൊപ്പത്ത് വിജയന്‍ കുനിശ്ശേരി, ഇന്ദിരാ ബാലകൃഷ്ണന്‍, പട്ടാമ്പിയില്‍ വി. ചാമുണ്ണി, കെ.മല്ലിക, വനിത വികസന കോര്‍പ്പറേഷന്‍ കെ.എസ് സലീഖ എന്നിവര്‍ സംസാരിച്ചു.

വനിതാ മതില്‍ : പാലക്കാടിന് വേറിട്ടൊരു പിറന്നാള്‍ സമ്മാനം
1957 ജനുവരി ഒന്നിന് രൂപംകൊണ്ട പാലക്കാട് ജില്ലയ്ക്ക് അറുപത്തിയൊന്നാം പിറന്നാളില്‍ ലഭിച്ചത് ശുഭസൂചകമായ വാഗ്ദാനങ്ങളാണ്. മൂന്നുലക്ഷത്തിലധികം പേര്‍ അണിനിരന്ന നവോത്ഥാന വനിതാ മതില്‍ വിവിധ സാംസ്‌കാരിക രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പ്രദേശത്തിന് അമൂല്യമായ പിറന്നാള്‍ സമ്മാനമായി. കേരളപ്പിറവിക്കു മുന്‍പ് മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന പാലക്കാട് സ്വാതന്ത്ര്യത്തിന് ശേഷം 1957 ജനുവരി ഒന്നിനായിരുന്നു റവന്യൂ ജില്ലയായി മാറ്റിയത്. സ്ത്രീകളുടെ സാമൂഹിക മുന്നേറ്റം, വിദ്യാഭ്യാസം രാഷ്ട്രീയ പ്രാതിനിധ്യം എന്നിവയില്‍ വളരെ പുറകിലായിരുന്ന ജില്ല കഴിഞ്ഞ ആറ് ദശകങ്ങളില്‍ കൈവരിച്ച പുരോഗമന പാതയില്‍ ദൃഢതയാര്‍ന്ന മുന്നേറ്റത്തിന് ആര്‍ജ്ജനവമേകുന്നതായി വനിതാമതില്‍. പ്രായം തളര്‍ത്താത്ത ആവേശവുമായി വനിതാമതിലില്‍ അമ്മമാരും എഴുപതിലും തളരാത്ത ആവേശവുമായാണ് കൂനത്തറ സ്വദേശികളായ സരസ്വതിയമ്മയും ശാന്തയും വനിതാ മതിലിനെത്തിയത്. കുളപ്പുള്ളി ജംഗ്ഷനില്‍ അണിനിരന്ന മതിലില്‍ പങ്കാളികളായ സരസ്വതിയമ്മയ്ക്കും(75) ശാന്തയ്ക്കും(73) മതിലിനെക്കുറിച്ച് പറയാന്‍ വാക്കുകളേറെ. സ്ത്രീകള്‍ക്കു വേണ്ടി ഉയരുന്ന ഈ മതിലില്‍ പങ്കെടുക്കുന്നത് ഏറെ സന്തോഷകരമാണെന്ന് ശാന്ത പറഞ്ഞപ്പോള്‍ അന്ധകാരത്തിലേക്കു പോകാനനുവദിക്കില്ല, സ്ത്രീക്കും പുരുഷനും തുല്യനീതി എന്നെഴുതിയ പ്ലക്കാര്‍ഡുയര്‍ത്തിപ്പിടിച്ച് സരസ്വതിയമ്മയും അത് ശരിവെച്ചു.


യുവതികളെ, വനിതകളെ വനിതാമതിലില്‍ അണിചേരാം എന്ന ഗാനവുമായാണ് കുടുംബശ്രീ എ.ഡി.എസ്.വൈസ് ചെയര്‍പേഴ്‌സണായ ഷീബ അണികളില്‍ ആവേശമുയര്‍ത്തിയത്. സ്ത്രീകളുടെ അവകാശത്തിനു വേണ്ടി ഉയരുന്ന മതിലില്‍ പങ്കെടുത്ത് വിജയിപ്പിക്കേണ്ടത് നമ്മുടെ കടമായാണെന്ന് അവര്‍ പറഞ്ഞു. രണ്ടര വയസുള്ള മകന്‍ റിതിക്കേനേയും എടുത്ത് വനിതാ മതിലിനെത്തിയ കൂനത്തറ സ്വദേശി അനിതയും മതിലിലെ കണ്ണിയായി. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സ്ത്രീ സമത്വത്തിനായി നിലകൊള്ളുമെന്ന നവോത്ഥാനസന്ദേശവുമായി ഒരേ മനസോടെ കൈകോര്‍ത്ത വനിതാ മതിലില്‍ സ്‌കൂള്‍ കോളെജ് വിദ്യാര്‍ത്ഥിനികള്‍, വീട്ടമ്മമാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കാളികളായി.

അവകാശങ്ങള്‍ നിഷേധിച്ചാല്‍ ചെറുത്ത് തോല്‍പ്പിക്കും
പുതുവര്‍ഷത്തില്‍ ചരിത്രത്തിലേക്കു നടന്നുകയറിയ പ്രതിരോധത്തിന് ഉരുക്കുകോട്ട പണിയാന്‍ പട്ടാമ്പിയില്‍ എത്തിയത് വന്‍ സ്ത്രീ പ്രവാഹം. തൂത്തെറിഞ്ഞ അനാചാരങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ തയ്യാറല്ലെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ നിഷേധിക്കാന്‍ ശ്രമിക്കുന്നവരെ ചെറുത്ത് തോല്പിക്കുമെന്നും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് കൈകള്‍ ചേര്‍ത്ത് പിടിച്ചു അവര്‍ പ്രതിരോധത്തിന്റെ വന്മതില്‍ തീര്‍ത്തു. വനിതാമതില്‍ ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇത് വിജയിക്കേണ്ടതുണ്ടെന്നും പി.മുരളി ടീച്ചര്‍ അഭിപ്രായപ്പെട്ടു. ഇതുപോലുള്ള ഒട്ടനവധി പോരാട്ടങ്ങളിലൂടെയാണ് സ്ത്രീകള്‍ നാളെ സമൂഹത്തിലേക്ക് ഇറങ്ങി വന്നിട്ടുള്ളത് എന്നും നവോത്ഥാനത്തെ പിന്നോട്ട് നയിക്കുന്ന നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ അതാത് പ്രദേശത്തെ സംഘാടകര്‍ ഏര്‍പ്പാടാക്കിയ വാഹനങ്ങളില്‍ നിശ്ചിത ഏരിയകളില്‍ ഏകദേശം 2.30 മുതല്‍ എത്തിച്ചേര്‍ന്നു തുടങ്ങി. നിശ്ചിതസ്ഥലത്ത് എത്തിച്ചേരാന്‍ പല വാഹനങ്ങള്‍ക്കും ഗതാഗതക്കുരുക്കു കാരണം കഴിയാത്തതിനാല്‍ എത്തിച്ചേര്‍ന്ന ഇടങ്ങളില്‍ ചേര്‍ന്ന് മതില്‍ തീര്‍ത്തു. പ്രളയാനന്തര കേരളത്തെ ഉണര്‍ത്തി ബാലസംഘം അംഗങ്ങളുടെ എത്ര എത്ര മതിലുകള്‍ തകര്‍ത്തെറിഞ്ഞ കേരളം എന്ന് തുടങ്ങുന്ന ഗാനവും പ്രാര്‍ത്ഥന ഗാനവും ആലപിച്ചു. തുടര്‍ന്ന് ചെറുകാടിന്റെ മകള്‍ കൂടിയായ പ്രൊഫ.സി.പി ചിത്ര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു