ശാരീരിക അവശതകളെ മനകരുത്തുകൊണ്ടും വായനയിലൂടെയും മറികടന്ന കൊടക്കാട് പൊള്ളപ്പൊയിലിലെ എം വി സതിയെ ഭിന്നശേഷിക്കാരുടെ ജില്ലയിലെ ഐക്കണ്‍ ആയി തിരഞ്ഞെടുത്തതിന്റെ ഉത്തരവ് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു സതിയുടെ വീട്ടില്‍വെച്ച് കൈമാറി. ലോകസഭാ തിരഞ്ഞടുപ്പില്‍ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ജില്ലയിലെ ഐക്കണ്‍ ആയി സതിയെ തെരഞ്ഞടുത്തത്. സ്പൈനല്‍ മസക്കുലര്‍ അട്രോഫി എന്ന അസൂഖം ബാധിച്ച് ശരീരം തളര്‍ന്ന സതി വായനയിലൂടെയാണ് ലോകത്തെ അറിഞ്ഞത്. ഇതിനകം 2800ലധികം പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്ത സതിയുടെ കൈയില്‍ അവയുടെ എല്ലാം ആസ്വാദനകുറിപ്പു തയാറാക്കി വച്ചിട്ടുണ്ട്.വായനക്കാരി എന്നതിലുപരി നല്ലൊരു എഴുത്തുകാരികൂടിയായ സതി ‘ഗുളിക വരച്ച ചിത്രങ്ങള്‍’ എന്ന കഥാാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ സ്ഥിരം എഴുത്തുകാരികൂടിയാണ്. മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായും കത്തുകളിലൂടെ നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന സതിയെക്കുറിച്ച് 2008-മുതല്‍ 2013 വരെ മൂന്നാം ക്ലാസിലെ കേരള സര്‍ക്കാരിന്റെ കന്നഡ-മലയാളം പാഠാവലിയില്‍ വായിച്ച് വായിച്ച് വേദന മറന്ന എന്ന പേരില്‍ തയ്യാറാക്കിയ അഭിമുഖം ഉള്‍പ്പെടുത്തിയിരുന്നു. സതിയുടെ കൊടക്കാട് വീട്ടില്‍ നടന്ന ചടങ്ങില്‍ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരന്‍, ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എ കെ രമേന്ദ്രന്‍ ,പിലിക്കോട് ഗ്രാമപഞ്ചായത്ത് അംഗം പി വി കൃഷ്ണന്‍, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ ശശിധരന്‍ പിള്ള, ഇലക്ഷന്‍ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എസ് ഗോവിന്ദന്‍, വില്ലേജ് ഓഫീസര്‍ എം വി കുഞ്ഞമ്പു, ടി കെ വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.