അടുത്ത രണ്ടരവർഷത്തിനകം അടിസ്ഥാന സൗകര്യവികസനം വിജയകരമായി നടത്തുകയെന്ന ദൗത്യമാണ് സർക്കാരിനുള്ളതെന്ന് പൊതുമരാമത്തുമന്ത്രി ജി.സുധാകരൻ. ദേശിയ പാതയും പ്രധാന പൊതുമരാമത്ത് റോഡുകളും മാത്രമല്ല ഗ്രാമീണ റോഡുകളും ഉന്നതനിലവാരത്തോടെ സഞ്ചാര യോഗ്യമാക്കും. ബജറ്റിൽ ഉൾപ്പെടുത്തി അമ്പലപ്പുഴ മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിലായി 75 കോടി രൂപ ചെലവിൽ നിർമിക്കുന്ന 51 റോഡുകളുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒന്നര വർഷത്തിനുള്ളിൽ റോഡ് പണി പൂർത്തിയാക്കും.
. രണ്ടര വർഷത്തിനുള്ളിൽ അഞ്ചു പഞ്ചായത്തുകളിലായി 981 കോടി 41 ലക്ഷം രൂപയുടെ പ്രവർത്തനങ്ങളാണ് നടത്തിയത്. സ്വകാര്യ വ്യക്തികൾ ഗ്രാമീണ റോഡുകൾ കൈയേറുന്നത് വളരെ കുറവാണ് . എന്നാൽ പൊതുമരാമത്തു റോഡുകൾ കൈയേറിയിരിക്കുന്നതിന്റെ കണക്ക് വളരെ കൂടുതലാണ്. സർക്കാർ സ്ഥലം കൈവശപ്പെടുത്തിയിരിക്കുന്ന സ്വകാര്യ വ്യക്തികൾ അത് തിരികെ നൽകണമെന്നും മന്ത്രി പറഞ്ഞു..
പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുറക്കാട് പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന 51 റോഡുകൾ ആലപ്പുഴ – അമ്പലപ്പുഴ കണക്റ്റിവിറ്റി റോഡ് എന്ന പേരിലാണ് നിർമിക്കുന്നത്.പുതിയകാലം പുതിയ നിർമ്മാണം എന്ന ആശയത്തിലൂന്നി പ്ലാസ്റ്റിക്, കയർ ഭുവസ്ത്രം ഉൾപ്പെടുന്ന ടാറിങ് രീതിയാണ് അവലംബിച്ചിട്ടുള്ളത്.
പുന്നപ്ര വടക്ക് പഞ്ചായത്തിലെ വാട്ടർ വർക്‌സ് – കൈമുട്ടിൽ – അസംബ്ലി ജംഗ്ഷൻ – കോന്നോത്ത് റോഡ്, പുന്നപ്ര തെക്ക് പഞ്ചായത്തിലെ പുന്നപ്ര ചന്ത – ബീച് റോഡ്, അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ മെഡിക്കൽ കോളേജ് – മുക്കയിൽ റോഡ്, അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ കോമന – കാക്കാഴം – അരീപുറത്ത റോഡ്, പുറക്കാട് പഞ്ചായത്തിലെ തോട്ടപ്പള്ളി – ചാലേതോപ്പ് റോഡ് എന്നീ പ്രധാന റോഡുകളിലെ നിർമാണപ്രവർത്തനമാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.
പറവൂർ ചെമ്പുകുഴിയിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുവർണ പ്രതാപൻ, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബി.വിനു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ്, പുന്നപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
പുന്നപ്ര വിയനി പള്ളിക്ക് സമീപം നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ് അധ്യക്ഷത വഹിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീജ, വൈസ് പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ, ഇ ഇ ബ്രൂസൻ ഫെറാൾഡ്, ഫാ. ഫ്രാൻസിസ് കൈതവളപ്പ്, ഫാ. ബിജേഷ് അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
വണ്ടാനം എസ് എൻ കവലയ്ക്കു സമീപം നടന്ന ചടങ്ങിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ഹഫ്‌സത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് യൂ.രാജുമോൻ, ജില്ല പഞ്ചായത്തംഗം എ.ആർ. കണ്ണൻ, ഹാരിസ്, കെ.എം ജുനൈദ് തുടങ്ങിയർ സംസാരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് നാല്പറമ്പിൽ നടന്ന ചടങ്ങിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുലാൽ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ശ്രീജ രതീഷ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ്, വൈസ് പ്രസിഡന്റ് മായാദേവി, മെമ്പർ പ്രജിത് കാരിക്കൽ എന്നിവർ സംസാരിച്ചു.
തോട്ടപ്പള്ളി ആനച്ചിറ സ്റ്റാഫോർഡ് ഫാക്ടറി മൈതാനത്തു നടന്ന ചടങ്ങിൽ പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹാമിദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശശികാന്തൻ, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ കെ സുനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ജുനൈദ്, വൈസ് പ്രസിഡന്റ്, മായാദേവി, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.