ഫിഷറീസ് വകുപ്പിനു കീഴിൽ മത്സ്യ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സൊസൈറ്റീസ് ഫോർ അസിസ്റ്റന്റ് റ്റു ഫിഷർ വിമണിന്റെ (സാഫ്) നേതൃത്വത്തിൽ മത്സ്യ തൊഴിലാളി വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകൾ വഴി ചെറുകിട തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് തീരദേശ മൈത്രി ഗോൾഡൻ ആക്ടിവിറ്റി ഗ്രൂപ്പ് ഫിഷ് ബൂത്ത് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ചേന്നം പള്ളിപ്പുറം പഞ്ചായത്തിലെ ഒറ്റപുന്നയിൽ തുടങ്ങിയ യൂണിറ്റിന്റെ ഉദ്ഘാടനം പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.ഹരിക്കുട്ടൻ നിർവഹിച്ചു.
രണ്ടു വനിതകൾ അടങ്ങുന്ന ഗ്രൂപ്പാണ് ഫിഷ് ബൂത്ത് യൂണിറ്റ് വഴി മത്സ്യ വിപണനം നടത്തുന്നത്. രണ്ടുപേർക്കായി തിരിച്ചടയ്‌ക്കേണ്ടാത്ത 1.50 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി നൽകിയിരിക്കുന്നത്.ഫിഷറീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഫിഷ് ഹബ്ബിൽ വിവിധ തരം കടൽ,കായൽ മത്സ്യങ്ങൾ ലഭ്യമാണ്. ഒറ്റപ്പുന്ന മാർക്കറ്റിൽ ആരംഭിച്ച ഫിഷ് ബൂത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ കെ.കെ. രമേശൻ അധ്യക്ഷത വഹിച്ചു. സാഫ് നോഡൽ ഓഫീസർ കെ.നൈഷർ ഖാൻ പദ്ധതിയുടെ വിശദീകരണവും മുഖ്യ പ്രഭാഷണവും നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സുധീർ, സാഫ് അസിസ്റ്റന്റ് നോഡൽ ഓഫീസർ ആർ.രാകേഷ് എന്നിവർ സംസാരിച്ചു.